'ശശിനഗർ 'ബോർഡ് പിഴുതുമാറ്റിയതായി പരാതി

Wednesday 19 January 2022 1:51 AM IST

മലയിൻകീഴ്: ഒരു കാലിനും കൈയ്ക്കും ചലന ശേഷിയില്ലാതെ വിളപ്പിൽശാല കീഴതുനട തെങ്ങിൻ തോട്ടത്തിൽ ശശി വൈകല്യത്തെ തോൽപ്പിച്ച് മൂന്ന് വർഷം കൊണ്ട് നിർമ്മിച്ച റോഡിന് പ്രദേശവാസികൾ ശശിനഗറെന്ന് പേരിട്ട് സ്ഥാപിച്ചിരുന്ന ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. 50 അടി ഉയരമുണ്ടായിരുന്ന കുന്ന് മൺവെട്ടിയും പിക്കാസും ഉപയോഗിച്ച് ഒറ്റകൈയിൽ തിരുകി ഇഴഞ്ഞ് നീങ്ങിയാണ് കുന്ന് ഇടിച്ച് മാറ്റി റോഡ് വെട്ടിയത്. അതിനുള്ള ആദരവായിട്ടാണ് ശശിനഗർ' ബോർഡ് സ്ഥാപിച്ചത്.

കുന്നിന്‍ മുകളിലേക്കുള്ള ഊടുവഴിയെ പരസഹായമില്ലാതെ വീതിയുള്ള റോഡാക്കി മാറ്റിയത് 2013 മുതൽ 2016 വരെ ശശിയുടെ കഠിനാദ്ധ്വാനത്തിലൂടെയാണ്. 200 അടി നീളവും 6 അടി വീതിയുമുള്ള റോഡ് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് മൂന്ന് വർഷം മുൻപ് കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയ ശേഷമാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.

ശശിനഗർ ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബോർഡ് നശിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്ന് വിളപ്പിൽശാല എസ്.എച്ച്.ഒ സുരേഷ്‌കുമാർ അറിയിച്ചു.