ഞാറ് നടാനൊരു ബീഹാർ സ്റ്റൈൽ

Wednesday 19 January 2022 12:05 AM IST

മാന്നാർ : കൃഷിക്കൊരുക്കിയ നിലത്ത് ഞാറു നടാൻ നാട്ടിലെ തൊഴിലാളികളെ കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. ഞാറ്റു പാട്ടില്ലെങ്കിലും നല്ല അസലായി ഞാറു നടാൻ ഭായിമാർ റെഡിയാണ്. എല്ലാരംഗത്തുമെന്ന പോലെ ഇപ്പോൾ കൃഷിപ്പണിയിലും അന്യസംസ്ഥാന തൊഴിലാളികൾ സജീവമായി.

ബീഹാർ സ്വദേശികളായ തൊഴിലാളികളാണ് ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് ഒന്നാം വാർഡ് നാമങ്കേരിയിൽ മൂന്നാം ബ്ലോക്ക് പാടശേഖരത്തിൽ ഞാറുനടാൻ എത്തിയത്. ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം കുറ്റിയിൽ കെ.എൻ.തങ്കപ്പൻ തന്റെ വീടിനു സമീപത്തെ വിരിപ്പുനിലം പാട്ടത്തിനെടുത്ത് നെൽവിത്ത് പാകി കിളിർപ്പിച്ച ഞാറുകൾ പറിച്ചെടുത്ത് കെട്ടുകളാക്കി അഞ്ച് കി.മീ അകലെയുള്ള ചെന്നിത്തല ഒന്നാംബ്ളോക്കിലും മൂന്നാംബ്ളോക്കിലുമുള്ള പാടശേഖരത്തിൽ എത്തിക്കാനും നടാനും തദ്ദേശീയരായ പുരുഷൻമാരെ അന്വേഷിച്ചെങ്കിലും കിട്ടാതായതോടെയാണ് ബീഹാറികളെ ആശ്രയിച്ചത്. നാട്ടുകാരായ തൊഴിലാളികളെ കിട്ടാതെ വന്നാൽ ഇതേ മാർഗമുള്ളുവെന്നാണ് ചെന്നിത്തല കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്‌കാര ജേതാവും കേരളകൗമുദി പത്രത്തിന്റെ ദീർഘകാല ഏജന്റുമായ തങ്കപ്പൻ പറയുന്നത്.

വളരെ വേഗതയിലും അടുക്കോടെയും ഭായിമാർ ഞാറു നടുമെന്നാണ് നാല്പതു വർഷത്തോളമായി കൃഷി ചെയ്യുന്ന തങ്കപ്പന്റെ പക്ഷം. രാവിലെഎട്ടിന് തുടങ്ങുന്ന ജോലി വൈകിട്ട് അഞ്ച് മണിയോടെ അവസാനിപ്പിക്കുമ്പോൾ എണ്ണൂറ് രൂപയാണ് കൂലി. കൂടുതൽസമയം ജോലിചെയ്ത് ആയിരം രൂപ വരെ വാങ്ങുന്ന തൊഴിലാളികളുമുണ്ട്. രാവിലെ ചായയും പലഹാരവും കിട്ടിക്കഴിഞ്ഞാൽ സന്തോഷത്തോടെ അവർ പാടത്തേക്കിറങ്ങും. ഉച്ചഭക്ഷണം ഇവർ കൊണ്ടുവരും. ഉച്ചയ്ക്ക് ഒരു മണിക്കൂർ വിശ്രമം. ബീഹാറിൽ കൃഷി പ്രധാനവരുമാനമായ തങ്ങൾക്ക് കൃഷിപ്പണി ഏറെപരിചയമുള്ള തൊഴിലാണെന്ന് തൊഴിലാളികളുടെ ലീഡർ രാംനാഥ് പറഞ്ഞു.

Advertisement
Advertisement