കൊടുങ്ങല്ലൂർ താലപ്പൊലി സമാപിച്ചു

Wednesday 19 January 2022 12:30 AM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നാലാം താലപ്പൊലി ആഘോഷം ചടങ്ങുകൾ മാത്രം നടത്തി സമാപിച്ചു. തെക്കെ നടയിൽ വൈകീട്ട് നാലോടെ ശ്രീകുരുംബമ്മയുടെ നടയിൽ നിന്നും ഒരാനയെ എഴുന്നള്ളിച്ചാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത്.
കരിമരുന്ന് പ്രയോഗവും ഉപേക്ഷിച്ചു. കൊടുങ്ങല്ലൂർ അച്ചുതൻ കുട്ടി തിടമ്പേറ്റി ക്ഷേത്രവളപ്പിലേക്ക് കടന്നപ്പോൾ മറ്റ് രണ്ട് ആനകളും അണിനിരന്നാണ് ചടങ്ങുകൾ സമാപിച്ചത്. കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ നാലാം താലപ്പൊലി ദിവസം കർശന നിയന്ത്രണമാണ് ജില്ല അധികൃതർ പ്രഖ്യാപിച്ചത്.
ഉത്സവച്ചടങ്ങുകളിൽ ഒതുക്കണമെന്നും, 50 ആളുകൾ പാടുള്ളൂവെന്നുമായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് മൂന്നാം താലപ്പൊലി ദിവസം രാത്രി തന്നെ പൊലീസ് കർശന നടപടിക്ക് തുനിഞ്ഞിരുന്നു. രാവിലെ കച്ചവട സ്റ്റാളുകളെല്ലാം അടപ്പിച്ചു. പുലർച്ചെ ഒരു മണിയിലെ എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തി.
പിന്നീട് പകൽപ്പൂരവും ആചാരത്തിലൊതുക്കി. കഴിഞ്ഞദിവസങ്ങളിൽ മൂന്ന് ആനകളോടെ തുടങ്ങി ഒമ്പത് ആനകളോടെയായിരുന്നു സമാപനം. ആനകളെ കുറച്ചെങ്കിലും എഴുന്നള്ളിപ്പ് മേളത്തോടെ കൊട്ടിക്കയറുമ്പോൾ ക്ഷേത്രാങ്കണത്തിൽ ഉത്സവക്കമ്പക്കാർ നിറഞ്ഞിരുന്നു. അടച്ചിട്ട സ്റ്റാളുകൾക്കിടയിലൂടെ ആളുകൾ കൂട്ടത്തോടെ നീങ്ങുന്നത് നോക്കി കച്ചവടക്കാരും നിരാശരായി നിൽക്കുന്നതും കാണാമായിരുന്നു. നിയന്ത്രണം നിലനിൽക്കുമ്പോഴും ഉത്സവപ്പറമ്പ് ചുറ്റിക്കറങ്ങാൻ രാത്രിയിലും ആളെത്തി. കുട്ടികളോടൊപ്പം കുടുംബസമേതമെത്തിയവരും ഏറെ. ഉത്സവങ്ങളും ആഘോഷങ്ങളും നിരോധിച്ചതിനാൽ ഭക്തർ പിരിഞ്ഞുപോകണമെന്ന് അനൗൺസ് ചെയ്ത് പൊലീസ് വാഹനം നഗരത്തിൽ കറങ്ങുന്നുണ്ടായിരുന്നെങ്കിലും ആളുകളുടെ പോക്കുവരവിന് കാര്യമായ മാറ്റമുണ്ടായില്ല.

Advertisement
Advertisement