കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു

Wednesday 19 January 2022 12:33 AM IST

തൃശൂർ: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപൂയ്യ മഹോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിച്ചു. രാവിലെ 9.30 മുതൽ 2.30 വരെ വിവിധ ദേശക്കാരുടെ കാവടിയാട്ടം അരങ്ങേറി. എട്ട് സെറ്റ് കാവടികളാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ ഗേറ്റുകൾ അടച്ച് ജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

വൈകിട്ട് കണിമംഗലം, കണ്ണംകുളങ്ങര, വെളിയന്നൂർ ദേശക്കാരുടെ കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. മൂന്ന് ദേശക്കാരും ഓരോ ആനകളെ വീതം അണിനിരത്തി. പഞ്ചവാദ്യത്തിന് പല്ലാവൂർ ശ്രീധരൻ മാരാരും ദീപാരാധനയ്ക്കുശേഷം നടന്ന മേളത്തിന് കലാമണ്ഡലം ശിവദാസും നേതൃത്വം നൽകി. രാത്രിയിലും നിയന്ത്രണങ്ങളോടെ കൂട്ടിയെഴുന്നെളളിപ്പ് നടന്നു. പുലർച്ചെ കാവടിയാട്ടത്തെ തുടർന്ന് അഭിഷേകവും വിശേഷാൽ പൂജകളും നടന്നു. ഇന്ന് രാവിലെ പകൽപ്പൂരം മേളത്തിന് പനമുക്ക് രാംപ്രസാദ് പ്രമാണം വഹിക്കും. വൈകീട്ട് അത്താഴപൂജയ്ക്കുശേഷം പള്ളിവേട്ട, 20ന് ആറാട്ടിന് ശേഷം കൊടിയിറക്കൽ എന്നിവയുണ്ടാകും. വ്യാഴാഴ്ച രാവിലെ ഏഴരയ്ക്ക് ആരംഭിച്ച് പഞ്ചവാദ്യത്തോടെ പത്തോടെ കൊടിയിറക്കൽ നടക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ നിർദ്ദേശ പ്രകാരമായിരുന്നു ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ ജിനേഷ് കെ. വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.ബാബു, കെ.കെ.ജയൻ കൂനമ്പാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement