ചടങ്ങിലൊതുക്കി തൈപ്പൂയ ആഘോഷം

Wednesday 19 January 2022 1:37 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീഷണിക്കിടയിൽ തൈപ്പൂയ ആഘോഷം ചടങ്ങിലൊതുക്കി സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ. പല ക്ഷേത്രങ്ങളിലും തൈപ്പൂയം പ്രമാണിച്ച് കാവടിയാട്ടവും അഭിഷേകവും ഘോഷയാത്രയും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വെറും ചടങ്ങുമാത്രമായി ഒതുങ്ങി. തിരുവനന്തപുരത്തെ പ്രശസ്ത സുബ്രഹ്മണ്യ ക്ഷേത്രമായ മേജർ ഉള്ളൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ആഘോഷപരിപാടികൾ പരിമിതമായിരുന്നു. ഇന്നലെ രാവിലെ സിന്ദൂരകുലപതി കാണാവിള ശിവനാരായണൻ കളഭം എഴുന്നള്ളിച്ചതോടെ തൈപ്പൂയക്കാവടി മഹോത്സവത്തിന് തുടക്കമായി. ഉച്ചയോടെ ക്ഷേത്രത്തിനകത്ത് ഇരുപതോളം ചെറു സംഘങ്ങൾ പുഷ്‌പക്കാവടിയും പാൽക്കുടാഭിഷേകവും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രോപദേശക സമിതി നേതൃത്വം നൽകി. കഴിഞ്ഞ രണ്ടുകൊല്ലത്തെയും പോലെ കൊവിഡ് പ്രമാണിച്ച് ഇക്കൊല്ലവും പുറത്തുള്ള ഘോഷയാത്ര ഒഴിവാക്കി.

ജനനിബിഡമായ തൈപ്പൂയക്കാവടി ഘോഷയാത്ര ഒഴിവാക്കിക്കൊണ്ട് അമ്പലത്തിനകത്താക്കി മിക്ക ക്ഷേത്രങ്ങളിലേയും ആഘോഷങ്ങൾ. രാത്രി 8ഓടെ നടന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പോടെ മേജർ ഉള്ളൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവ ചടങ്ങുകൾക്ക് സമാപനമായി. തമിഴ് മാസമായ തൈമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ‌ആഘോഷിക്കുന്നത്‌. ശിവപാർവതീ പുത്രനും ദേവസൈനാധിപനുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം. പഴനി, തിരുച്ചെന്തൂർ, പയ്യന്നൂർ, പെരളശ്ശേരി, ഹരിപ്പാട്, കിടങ്ങൂർ, ഇളംകുന്നപ്പുഴ, പെരുന്ന തുടങ്ങിയ അനേകം ക്ഷേത്രങ്ങളിൽ ഇന്നലെ തൈപ്പൂയം ആഘോഷിച്ചു.

Advertisement
Advertisement