സർക്കാർ ആനുകൂല്യങ്ങൾ ഫലം കാണുന്നില്ല,​ ചൈനയിലെ ജനന നിരക്ക് ഗണ്യമായി കുറയുന്നു

Wednesday 19 January 2022 1:48 AM IST

ബീജിംഗ്: ചൈനയിൽ ജനസംഖ്യാ വർദ്ധനവിനായി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ വർഷം ജനന നിരക്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് റിപ്പോർട്ട്. നാഷനൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 ൽ രാജ്യത്തെ ജനനനിരക്ക് 1000 പേർക്ക് 7.52 എന്ന തോതിലാണ് താഴ്ന്നത്. 1949നുശേഷം ആദ്യമായാണ് ജനനനിരക്ക് ഇത്രയും താഴുന്നത്. ജനസംഖ്യാ വർദ്ധനവിനെ തുടർന്ന് ചൈനീസ് സർക്കാർ നടപ്പിലാക്കിയ ശക്തമായ കുടുംബാസൂത്രണ നിയന്ത്രണങ്ങളാണ് ജനന നിരക്ക് ഗണ്യമായി കുറയാനുള്ള പ്രധാന കാരണം. ഒറ്റക്കുട്ടി നയം വളരെ കർശനമായി പാലിച്ചു പോന്ന ചൈനീസ് ജനത സർക്കാരിന്റെ മാറിയ നയത്തെ അംഗീകരിക്കാൻ വിമുഖത കാട്ടുന്നതാണ് ജനന നിരക്ക് ഉയരാത്തതിനുള്ള കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. യുവാക്കളുടെ എണ്ണം കുറയുന്നതിനാൽ 2016ലാണ് രാജ്യത്ത് ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച് ദമ്പതികൾക്ക് രണ്ടു കുട്ടികളാവാമെന്ന നിയമം കൊണ്ടുവന്നത്. എന്നാൽ ഇത് ഫലപ്രദമാകാത്ത സാഹചര്യത്തിൽ മൂന്ന് കുട്ടികൾ വരെയാകാമെന്നും കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ഭരണകൂടം അറിയിച്ചു. എന്നാൽ ഉയർന്ന ജോലിസമ്മർദമടക്കമുള്ള കാരണങ്ങൾ മൂലം ഭൂരിഭാഗം ജനങ്ങളും രാജ്യത്ത് ഒറ്റക്കുട്ടി നയം തന്നെ പിന്തുടരുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2020ൽ 1000 പേർക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്.

Advertisement
Advertisement