അടുത്ത ആഴ്ച ശോഭനയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ പൊലീസ് പിടിമുറുക്കും, വി ഐ പിയുമായി ദിലീപിന്റെ വീട്ടിലെ കൂടിക്കാഴ്ചയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ) കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് മാതാവ് ശോഭന. എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെയാണ് മകൻ ഈ വിധം തളർന്നത്. കേസിനെക്കുറിച്ച് കൂടുതൽ ചോദിക്കരുതെന്നും വിവരങ്ങൾ തനിയെ പുറത്തുവരട്ടെയെന്നുമാണ് അവൻ പറയുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ദിലീപിന്റെ വീട്ടിൽ വച്ച് സുനി കണ്ടിട്ടുണ്ടെന്നും ശോഭന പറഞ്ഞു.
രഹസ്യ മൊഴിയെടുക്കൽ മാറ്റി
നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ അടുത്ത ആഴ്ചയിലേക്ക് മാറ്റി. ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണിത്. പുതിയ വെളിപ്പെടുത്തലുകളുടെയും പൾസർ സുനിയുടെ കത്ത് പുറത്തുവന്നതിന്റെയും അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും സുനി പറഞ്ഞതായി ശോഭന വെളിപ്പെടുത്തിയിരുന്നു. 2018 മേയിൽ അമ്മയ്ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാൽ കത്ത് ശോഭന പുറത്തുവിട്ടിരുന്നു. ശോഭനയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
സുനിയുടെ കത്തിന് പിന്നാലെ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഒന്നാം പ്രതി പൾസർ സുനിയെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും. ഇതിനായി കോടതിയെ സമീപിച്ചു. ചോദ്യാവലിയും തയ്യാറാക്കി. ചോദ്യം ചെയ്യലിൽ കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്ന് അന്വേഷണസംഘം പ്രതീക്ഷിക്കുന്നു.
കത്തിന് പിന്നിലെ കഥകൾ
കഴിഞ്ഞയാഴ്ച സുനിയുടെ അമ്മ ശോഭന പുറത്തുവിട്ടതും 2018 മേയിൽ സുനി എഴുതിയതുമായ കത്തിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ മറച്ചുവച്ച വിവരങ്ങൾ ഇപ്പോൾ കത്തിലൂടെ പുറത്തുവിടാനുള്ള കാരണം ക്രൈംബ്രാഞ്ച് സുനിയിൽ നിന്ന് തേടും. ജീവന് ഭീഷണിയുള്ളപ്പോൾ കത്ത് പുറത്തുവിടണമെന്ന് നിർദ്ദേശിച്ചാണ് സുനി അമ്മയ്ക്ക് ജയിലിൽ വച്ച് കത്ത് കൈമാറിയത്. കത്ത് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.
ബാലചന്ദ്രകുമാർ പറഞ്ഞത്
ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ,സുനിയുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ ദിലീപ് സമ്മർദ്ദം ചെലുത്തിയെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങളിൽ ഉത്തരം തേടും. സഹതടവുകാരനായ ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ബാലചന്ദ്രകുമാറിനെ കണ്ടതായി സുനി സമ്മതിക്കുന്നുണ്ട്. പുറത്തുവന്ന 16.5 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിൽ പണം തന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന്, അതു ഞാൻ പറയാമെന്നും വേറെ ഒരുകാര്യം കൂടിയുണ്ടെന്നും ജിൻസണിനോട് സുനി പറയുന്നുണ്ട്. ഇത് എന്താണെന്ന് ചോദ്യം ചെയ്യലിൽ ആരായും.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. വാദത്തിനായി പ്രോസിക്യൂഷൻ സമയം തേടിയതിനാലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നടപടി. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്. ശരത് ഒഴികെയുള്ള പ്രതികളെ ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഹർജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ സർക്കാർ ഉറപ്പു നൽകിയിരുന്നു. ശരത് ചൊവ്വാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.