ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുമ്പോൾ ഉഷാറാകാൻ ഉപയോഗിച്ചു തുടങ്ങി,​ പിന്നീടത് ശീലമായി; ഒരു ഡോസ് 3000 രൂപയ്‌ക്ക് മറിച്ചുവിൽക്കാറുണ്ടെന്നും പിടിയിലായ ഡോക്‌ടർ

Wednesday 19 January 2022 12:09 PM IST

തൃശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈനെ പൊലീസ് കുടുക്കിയത് തന്ത്രപരമായി. ഡോക്‌ടർമാരുടെ ലഹരി ഉപയോഗത്തെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർ ആദിത്യയ്‌ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങുന്നത്.

മെഡിക്കൽ കോളേജിലും പരിസരത്തും ഷാഡോ പൊലീസ് രഹസ്യമായി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ലഹരി എവിടെ നിന്ന് ലഭിക്കുന്നു, എപ്പോഴാണ് എത്തുന്നത്, ആരാണ് എത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളറിയാൻ രാപകൽ നിരീക്ഷണമുണ്ടായിരുന്നു. ഹോസ്റ്റലിനകത്തും പൊലീസുകാർ തങ്ങൾക്ക് വിവരം തരാൻ ചാരന്മാരെ ഏർപ്പെടുത്തിയിരുന്നു.

പുലർച്ചെ രണ്ടു മണിക്കു ശേഷമായിരുന്നു ഷാഡോ പൊലീസിന് നിർണായക വിവരം കിട്ടുന്നത്. പൊലീസ് സംഘം മൂന്നു മണിയോടെ ഹോസ്റ്റലിനകത്ത് പ്രവേശിച്ചു. അക്വിലിനെ പിടികൂടിയ ഉടനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുമ്പോൾ 'ഉഷാർ' ആകാൻ വേണ്ടിയാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്നായിരുന്നു അക്വിലിന്റെ മറുപടി. പിന്നീട്, ഇതിന് അടിമപ്പെടുകയായിരുന്നു. ഡ്യൂട്ടിക്കിടയിലും ഹോസ്റ്റലിൽ വന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.

അര ഗ്രാം വരുന്ന ഒരു ഡോസ് എംഡിഎംഎ 3000 രൂപയ്‌ക്ക് സഹപാഠികൾക്ക് വിൽക്കാറുണ്ടെന്നും തന്റെ മുറിയിൽ വന്നാണ് ഇവർ ലഹരി ഉപയോഗിക്കുന്നതെന്നും അക്വിൽ മൊഴി നൽകി. ഇടനിലക്കാർ വഴിയാണ് എത്തുന്നത്. എംഡിഎംഎ ബംഗളൂരുവിൽ നിന്നും ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് കൊണ്ടുവന്നത്.

മൂന്ന് വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നു. അക്വിലിന്റെ ഫോണിലേക്ക് ലഹരിമരുന്നിനായി നിരവധി പേർ വിളിച്ചിട്ടുണ്ട്. ഇവരുടെ നമ്പർ പൊലീസ് ശേഖരിച്ചിട്ടുണ്ട്.