പാംഗോഗ് തടാകത്തിന് കുറുകെയുള്ള ചൈനയുടെ പാലം നിർമ്മാണം അന്തിമഘട്ടത്തിൽ, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

Wednesday 19 January 2022 2:45 PM IST

ലഡാക്ക് : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം നിർമ്മിക്കുന്ന പാലം അവസാനഘട്ടത്തിലെത്തിയതായി ഉപഗ്രഹ ചിത്രങ്ങൾ. പതിറ്റാണ്ടുകളായി ചൈനയുടെ നിയന്ത്രണത്തിൽ തുടരുന്ന ഇന്ത്യയുടെ അവകാശവാദ രേഖയ്ക്ക് സമീപമാണ് പാലം നിർമിക്കുന്നത്. നേരത്തേ പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം പാലം നിർമ്മിച്ചതിനെ ഇന്ത്യ അപലപിച്ചിരുന്നു. 60 വർഷമായി ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് പാലം നിർമ്മിക്കുന്നതെന്നാണ് ഇന്ത്യ ആരോപിച്ചിരുന്നത്.

പാംഗോഗ് തടാകത്തിന്റെ വടക്കും തെക്കും കരകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ശൈത്യകാലത്ത് നിർമ്മാണത്തിന്റെ വേഗത ഉയർന്നിരുന്നു എന്നാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ദേശീയ മാദ്ധ്യമങ്ങൾ ചൈനീസ് നിർമ്മാണത്തിന്റെ തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നത്. തെക്കൻ തീരത്ത് നിന്ന് ഏതാനും മീറ്റർ കൂടി നിർമ്മിച്ചാൽ പാലം പൂർത്തിയാകും. ഇതോടെ ശൈത്യകാലത്തും അതിർത്തിയിൽ ചൈനീസ് ഭടൻമാർക്ക് എളുപ്പം എത്തിച്ചേരാനാവും.

ഗൽവാനിൽ സംഘർഷമുണ്ടായ അവസരത്തിൽ മിന്നൽ നീക്കത്തിലൂടെ കൈലാഷ് മലനിരകളിൽ ഉയരങ്ങളിലെ നിർണായക സ്ഥാനങ്ങളുടെ നിയന്ത്രണം ഇന്ത്യ കൈക്കലാക്കിയിരുന്നു. ഇതാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിന് ചൈനയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഫോർവേഡ് സ്ഥാനങ്ങളിൽ നിന്ന് പിന്മാറാനുള്ള പരസ്പര ധാരണയെ തുടർന്നാണ് അന്ന് തർക്കം പരിഹരിച്ചത്. ഇത്തരം ഓപ്പറേഷനുകൾ ഇന്ത്യൻ ഭാഗത്ത് നിന്നും ഇനി ഉണ്ടാവാതിരിക്കാനാണ് ചൈന ദ്രുതഗതിയിൽ പാലം നിർമ്മിച്ചത്.

ലഭ്യമായ ചിത്രങ്ങളുടെ വിശകലനത്തിൽ ചൈന നിർമ്മിക്കുന്ന പാലത്തിന് ഏകദേശം 315 മീറ്റർ നീളമുണ്ടെന്ന് കരുതുന്നു. തടാകത്തിന്റെ തെക്കേ അറ്റത്ത് ചൈന നിർമ്മിച്ച റോഡുമായി ഇത് ബന്ധിപ്പിക്കുവാനാണ് നീക്കം. അതേസമയം ചൈനീസ് നിർമ്മാണ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്.