മാലിന്യ സംസ്കരണം അഗ്നിക്കു വിടരുത്

Thursday 20 January 2022 12:00 AM IST

മാലിന്യസംസ്കരണം ഭാഗികമായി അഗ്നിഭഗവാന് വിട്ടുകൊടുത്ത് തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നു തോന്നുന്നു. പാലക്കാട്ട് മല പോലെ കൂട്ടിയിട്ടിരിക്കുന്ന ആശുപത്രി മാലിന്യമുൾപ്പെടെയുള്ള ചവറുകൂനയിൽ തീപിടിത്തമുണ്ടായത് ഞായറാഴ്ച പുലർച്ചെയാണ്. അഗ്നിശമന സേനക്കാർ മൂന്നുദിവസം തുടർച്ചയായി പ്രവർത്തിച്ചിട്ടും തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഉൾഭാഗത്ത് തീ കത്തിക്കൊണ്ടിരിക്കുന്നതിനാൽ അടുക്കാൻപോലും കഴിയാത്തതാണ് കാരണം. സ്വയം കത്തിയടങ്ങട്ടെ എന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. ആശുപത്രി മാലിന്യങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് അട്ടിയിടുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് അറിയാത്തവരല്ല ഇതിന്റെയൊക്കെ പിറകിൽ. എന്നാൽ സംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ ഏർപ്പെടുത്തണമെന്ന് ഇനിയും തോന്നാത്തതാണ് ഇപ്പോഴത്തെ പ്രാകൃതമുറയിലേക്കു തിരിയാൻ കാരണം. മറ്റെല്ലാ കാര്യങ്ങൾക്കും വെള്ളം പോലെ ഒഴുക്കാൻ പണമുണ്ട്. മാലിന്യസംസ്കരണ പ്ളാന്റുകൾ സ്ഥാപിച്ച് എല്ലാത്തരം മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കാൻ മാത്രം സംവിധാനമില്ല.

പാലക്കാട്ടെ മാലിന്യമല കത്തിക്കൊണ്ടിരിക്കെ തന്നെയാണ് എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംഭരണകേന്ദ്രത്തിൽ ചൊവ്വാഴ്ച തീപടർന്നത്. ഇവിടെയാണെങ്കിൽ ഇത് പതിവാണുതാനും. മാലിന്യക്കൂമ്പാരം മാനം മുട്ടെ ഉയരുമ്പോൾ മിക്കപ്പോഴും സഹായത്തിനെത്തുന്നത് തീയാകും. അഗ്നിഗോളങ്ങൾ മാലിന്യമലയുടെ സിംഹഭാഗവും വിഴുങ്ങുന്നതോടെ പുതിയ ശേഖരം കൂട്ടിയിടാനുള്ള വഴിയുമായി. സംസ്കരണകേന്ദ്രങ്ങളിൽ ഇങ്ങനെ വന്നുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരടത്തുമില്ല. പരിസരമാകെ വിഷമയമാക്കി അതങ്ങനെ വർഷങ്ങളായി കിടക്കും.

പാലക്കാട്ടെ മാലിന്യസംഭരണകേന്ദ്രം നഗരത്തിന്റെ കുടിവെള്ള സ്രോതസായ മലമ്പുഴ അണക്കെട്ടിൽനിന്ന് ഏറെ അകലെയല്ലെന്ന് ഓർക്കണം. ആശുപത്രി മാലിന്യസംസ്കരണത്തിന് ആധുനിക പ്ളാന്റ് സ്ഥാപിക്കാൻ ആശുപത്രികൾക്ക് എന്തുകൊണ്ടാണു കഴിയാത്തത്? എല്ലാ വലിയ ആശുപത്രികളിലും അത്തരം സംവിധാനങ്ങൾ നിർബന്ധമാണെന്നാണു വയ്‌പ്. പക്ഷേ അപൂർവം സ്ഥലങ്ങളിലേ കുറ്റമറ്റ മാലിന്യസംസ്കരണ പ്ളാന്റുകൾ പ്രവർത്തിക്കുന്നുള്ളൂ. ഇതൊക്കെ നോക്കാനും പിഴവുകൾ തിരുത്താനും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ളവരാണ് നടപടി എടുക്കേണ്ടത്.

മാലിന്യ സംഭരണവും സംസ്കരണവും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ട്. മൂക്കുപൊത്താതെ നഗരങ്ങളിൽ നടക്കാനാകാത്ത സ്ഥിതിയാണുള്ളത്. നഗരമുഖം മാത്രമേ സുന്ദരമായിരിക്കുന്നുള്ളൂ. അതിനപ്പുറം നീക്കം ചെയ്യാത്ത മാലിന്യഭാണ്ഡങ്ങളാകും എവിടെയും. നഗരസഭകൾ കോടിക്കണക്കിനു രൂപയുടെ ഫണ്ട് നീക്കിവച്ചിട്ടും മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല. പല നഗരസഭകളും പ്ളാസ്റ്റിക്ക് പാടേ നിരോധിച്ചുകൊണ്ട് മാലിന്യപ്രശ്നം നിയന്ത്രിക്കാൻ നോക്കുന്നുണ്ട്. എന്നാൽ അതുകൊണ്ടുമാത്രം നേരിടാവുന്ന പ്രശ്നമല്ലിത്. സംഭരിക്കുന്ന മാലിന്യം ഉടനുടൻ സംസ്കരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കണം. വീടുവീടാന്തരമുള്ള മാലിന്യശേഖരണം സുഗമമായാൽ അതു പാതയോരത്തും കനാലുകളിലും ഓടകളിലും ഒഴിഞ്ഞ പറമ്പിലുമൊക്കെ വലിച്ചെറിയുന്നത് ഒഴിവാക്കാനാകും. പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാൻ പ്രധാന കവലകളിലെങ്കിലുംഏർപ്പാടുണ്ടാക്കണം. ആളുകൾ കൂടുന്ന ഇടങ്ങളിൽ ഡസ്‌റ്റ് ബിനുകൾ നിർബന്ധമാക്കണം.

സംസ്ഥാനത്തിന് വലിയതോതിൽ പ്രതിച്ഛായ നഷ്ടത്തിനിടയാക്കിയ വിളപ്പിൽശാല മാലിന്യസംസ്കരണ കേന്ദ്രത്തിനുണ്ടായ ദുർഗതി മറക്കാറായിട്ടില്ല. ഏറെനാൾ പരാതികൾക്കിടയാക്കാതെ നല്ലനിലയിൽ നടന്നുവന്ന കേന്ദ്രം നഗരസഭ ഏറ്റെടുത്തതോടെയാണ് നാശത്തിലേക്കും ഒടുവിൽ അടച്ചുപൂട്ടലിലേക്കും നീങ്ങിയത്. ബദൽ സംവിധാനങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനം ഇപ്പോഴും കടലാസിലാണ്. വമ്പൻ പദ്ധതികളുടെ പിറകെ പായുമ്പോഴും നേരെ കണ്ണിനു മുമ്പിൽ ഉയർന്നുപൊങ്ങുന്ന മാലിന്യമലകൾ അധികൃതരെ ഒട്ടും അലോസരപ്പെടുത്തുന്നില്ലെന്നതാണ് ജനങ്ങളുടെ ദുര്യോഗം.

Advertisement
Advertisement