ആക്‌ഷൻ ആലോചിക്കാൻ ഒത്തുകൂടിയ ക്വട്ടേഷൻകാരിൽ 5 പേർ അറസ്റ്റിൽ

Thursday 20 January 2022 1:43 AM IST

കൽപ്പറ്റ: കുഴൽപ്പണ ഓപ്പറേഷനുള്ള ആലോചനയ്ക്കായി മീനങ്ങാടി കൊളവയലിൽ തമ്പടിച്ച ക്വട്ടേഷൻ സംഘത്തിലെ അഞ്ചു പേർ അറസ്റ്റിലായി. മറ്റൊരു സംഘത്തിലെ അഞ്ചു പേർ കാറിൽ രക്ഷപ്പെട്ടു.

കൊയിലാണ്ടി സ്വദേശികളായ കുന്നത്തറ വല്ലിപ്പടിക്കൽ മീത്തൽ അരുൺകുമാർ (26), അരിക്കൽമീത്തൽ അഖിൽ (21), ഉള്ള്യേരി കുന്നത്തറ പടിഞ്ഞാറെ മീത്തൽ നന്ദുലാൽ (22), വയനാട്ടിലെ റിപ്പൺ കുയിലൻവളപ്പിൽ സക്കറിയ (29), വടുവഞ്ചാൽ കടൽമാട് വേലൻമാരി തൊടിയിൽ പ്രദീപ്കുമാർ (37) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ടത് പാതിരിപ്പാലം ക്വട്ടേഷൻ ആക്രമണക്കേസിലെ പ്രതി തൃശൂർ വരന്തരപ്പിള്ളി സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി മീനങ്ങാടി സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സനൽരാജ് പറഞ്ഞു.

സംശയാസ്‌പദ സാഹചര്യത്തിൽ ഒരു കാർ കണ്ടത് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ വ്യാജനമ്പർ പ്ലേറ്റാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശികളായ 3 പേർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതോടെ വയനാട്ടുകാരും കുടുങ്ങി. ഇവർ പിടിയിലാകുന്നതിനു മുമ്പേ തൃശൂർ സംഘം മറ്റൊരു കാറിൽ കടന്നു കളയുകയായിരുന്നു.