നിറുത്താതെപോയ സൂപ്പർ ബൈക്കുകാരനെ കോൺഫറൻസ് കോളിൽ കുടുക്കി

Thursday 20 January 2022 1:51 AM IST

തൃക്കാക്കര: നിറുത്താതെപോയ സൂപ്പർ ബൈക്കുകാരനെ കോൺഫറൻസ് കോളിൽ കുടുക്കി മോട്ടോർ വാഹനവകുപ്പ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഇവിടെ സൂപ്പർബൈക്കുകൾ അപകടകരമായി ഡ്രൈവിംഗ് നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്ക് സംഘമെത്തി. അമിതശബ്ദത്തിൽപാഞ്ഞ സൂപ്പർബൈക്ക് കൈകാണിച്ച് നിറുത്താൻ ശ്രമിച്ചെങ്കിലും നിർത്താതെ സ്റ്റേഡിയത്തിന് പുറത്തേക്ക് പാഞ്ഞു. ബൈക്കിന്റെ ഓൺലൈൻരേഖകൾ പരിശോധിച്ച് ഓണറുടെ ഫോൺനമ്പറിൽ വിളിച്ചെങ്കിലും വാഹനം മറ്റൊരാൾക്ക് വിറ്റതായി ഉടമ അറിയിച്ചു. വാങ്ങിയ ആളുടെ നമ്പറിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
ഓണർഷിപ്പ് മാറാതെ വാഹനം കൈമാറിയ രജിസ്റ്റേർഡ് ഓണർക്കെതിരെ കേസെടുത്തെന്ന് അറിയിച്ചതോടെ അയാൾ വാഹനം വാങ്ങിയ ആളെ കോൺഫറൻസ് കോളിൽ വിളിച്ചുവരുത്തി എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് ബൈക്ക് ഓടിച്ചിരുന്നത്. 9000 രൂപ പിഴ ഈടാക്കി വാഹനം വിട്ടുനൽകി. ഡ്രൈവറുടെ ലൈസൻസ് പഞ്ചാബിൽനിന്ന് എടുത്തതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കേന്ദ്ര ഗവൺമന്റിന്റെ സാരഥി പോർട്ടലിൽ ശുപാർശചെയ്തു.

ടാക്സും ഫിറ്റ്നസും ഇല്ലാത്ത അനേകം വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തി കേസെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജോയ് പീറ്റർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സജിത്ത് ടി.എസ്, ബിനു എൻ.എസ്, ഗുമദേഷ് സി.എൻ. എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. പരിശോധന ശക്തമാക്കാൻ എൻഫോഴ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ നിർദേശം നൽകി.

Advertisement
Advertisement