കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി പട്ടാമ്പി ഗവ കോളേജിൽ ഡി.ജെ, അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു

Thursday 20 January 2022 2:10 AM IST

പട്ടാമ്പി: കൊവിഡ് നിയന്ത്രണം ലംഘിച്ച് കോളേജിൽ ഡി.ജെ പാർട്ടി. പട്ടാമ്പി ഗവ: സംസ്‌കൃത കോളേജിലാണ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അഞ്ഞൂറിലധികം ആളുകൾ ചേർന്ന് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്. പരിപാടികൾക്ക് അമ്പതിലേറെ പേർ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് നിയമം ലംഘിച്ചുകൊണ്ട് കോളേജ് അധികൃതരുടെ അറിവോടെ ഡി.ജെ പാർട്ടി നടത്തിയത്. രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഡി.ജെ നടന്നത്. 100 പേർ മാത്രം പങ്കെടുക്കുന്ന നേരത്തെ അനുമതി വാങ്ങിയ ഒരു മ്യൂസിക്കൽ പാർട്ടി മാത്രമാണ് നടക്കുന്നതെന്നും മറ്റു കൊവിഡ് പ്രോട്ടോകോളുകൾ ലംഘിക്കുന്ന വിഷയങ്ങൾ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് പട്ടാമ്പി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ സുനിൽ ജോൺ പറയുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി.ജെ പാർട്ടി നടത്തിയ സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ പട്ടാമ്പി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊവിഡ് നിയമം കാറ്റിൽ പറത്തി കോളേജിൽ നടന്ന പരിപാടിക്കെതിരെ സാമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.