കൊവിഡ് വരുത്തിവച്ചു: ഒടുവിൽ, മരണത്തിന് കീഴടങ്ങി ഗായിക

Thursday 20 January 2022 2:10 AM IST

പ്രേഗ്: പൊതുഇടങ്ങൾ സന്ദർശിക്കുന്നതിനുള്ള ഹെൽത്ത് പാസ് ലഭിക്കാൻ വാക്സിൻ സ്വീകരിക്കാതെ പകരം മനഃപൂർവം കൊവിഡ് വരുത്തിവച്ച ചെക്ക്‌റിപ്പബ്ലിക്കൻ നാടൻ പാട്ടുകാരി ഹനാ ഹോർക്ക ( 57 ) മരിച്ചു. കൊവിഡ് വാക്സിന് എതിരായിരുന്നു ഹനാ. വാക്സിൻ സ്വീകരിക്കാത്ത പക്ഷം സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിന് ഹനായ്ക്ക് വിലക്കുണ്ടായിരുന്നു.

രാജ്യത്ത് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഹെൽത്ത് പാസ് അനിവാര്യമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് മുക്തർക്കുമാണ് ഇത് നൽകുക. ഇതോടെ വാക്സിൻ സ്വീകരിക്കുന്നതിന് പകരം കൊവിഡ് വരുത്തിവച്ച് അത് ഭേദമായ ശേഷം അനുമതി നേടാനായിരുന്നു ഹനായുടെ ശ്രമമെന്ന് മകൻ ജാൻ റെക്ക് പറഞ്ഞു.

അടുത്തിടെ റെക്കിനും ഹനായുടെ ഭർത്താവിനും കൊവിഡ് ബാധിച്ചിരുന്നു. ഇരുവരും വാക്സിൻ സ്വീകരിച്ചിരുന്നു. തങ്ങളുമായി സാമൂഹിക അകലം പാലിക്കാതെ ഹനാ അടുത്ത് ഇടപഴകിയെന്നും രോഗം വരാൻ വേണ്ടിയാണ് ഹനാ ഇങ്ങനെ ചെയ്തതെന്നും റെക്ക് ആരോപിച്ചു.

തനിക്ക് രോഗം പിടിപെട്ടെന്നും ഇനി പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ടാകില്ലെന്നും ഹനാ സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചിരുന്നു. എന്നാൽ, രോഗം മൂർച്ഛിച്ച ഹനാ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisement
Advertisement