പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ; പൊലീസിനെതിരെ പെൺകുട്ടിയുടെ അമ്മ
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിൽ പെൺകുട്ടിയെ (18) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി. ബന്ധുക്കൾ ഉൾപ്പെടെ ആറു പേരാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. ഇളയമകനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് അമ്മ പറയുന്നത്. തിരിച്ചെത്തി ഭക്ഷണം കഴിക്കാനായി വാതിലിൽ തട്ടി വിളിച്ചപ്പോഴും ഫോണിൽ വിളിച്ചപ്പോഴും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികളെത്തി വാതിൽ ചവിട്ടി തുറന്നെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തേഞ്ഞിപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പൊലീസിനെതിരെ പെൺകുട്ടിയുടെ അമ്മ ആരോപണങ്ങളുന്നയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയില്ല. രേഖാമൂലം പരാതി നൽകിയിട്ടും തങ്ങളെ ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.