വെളുപ്പിന് മൂന്നു മണി വരെ മക്കൾക്കൊപ്പം ഇരിക്കാറുണ്ട്, കുട്ടിക്കാലത്ത് ചേട്ടൻ രാഹുലുമായി നല്ല അടിയുണ്ടാക്കിയിട്ടുണ്ടെന്നും പ്രിയങ്കാഗാന്ധി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മക്കളുടെ കാര്യത്തിൽ താൻ അതീവ ശ്രദ്ധ നൽകാറുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു അവരുടെ പ്രതികരണം.
കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കാറുണ്ടോയെന്ന ചോദ്യത്തിന് ഈ ലൈവ് പരിപാടിക്ക് തൊട്ടുമുമ്പു പോലും മക്കൾക്കൊപ്പമിരുന്ന് അസൈൻമെന്റ് പൂർത്തിയാക്കാൻ സഹായിച്ചുവെന്നായിരുന്നു മറുപടി. മക്കളെ മാത്രമല്ല, അവരുടെ സുഹൃത്തുക്കൾക്കും സംശയമുണ്ടെങ്കിൽ സഹായിക്കാറുണ്ടെന്നും പറഞ്ഞു. രാത്രി വൈകി വീട്ടിലെത്തിയിട്ടും മക്കൾക്കൊപ്പം വെളുപ്പിന് മൂന്നു നാലു മണി വരെ ഇരുന്ന് അവരെ പഠനകാര്യങ്ങളിൽ സഹായിക്കാറുണ്ട്.
കുട്ടിക്കാലത്ത് ചേട്ടൻ രാഹുൽ ഗാന്ധിയുമായി നല്ല അടിയുണ്ടാക്കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പുറത്തുനിന്ന് ആരെങ്കിലും ചോദ്യം ചെയ്യാൻ വന്നാൽ തങ്ങൾ ഒറ്റക്കെട്ടാകും. വീട്ടിലെപ്പോഴും ചെറിയ കാര്യങ്ങൾക്ക് പോലും ഓരോരുത്തർക്കും അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ ചുമതല പ്രിയങ്കയ്‌ക്കാണ്. രാവും പകലുമില്ലാതെ പ്രചാരണജാഥകളിൽ പങ്കെടുത്ത് തന്റെ സാന്നിദ്ധ്യമറിയിക്കാൻ പ്രിയങ്ക ശ്രദ്ധിക്കുന്നുണ്ട്.