സോണിയയുടെ തട്ടകത്തിൽ കോൺഗ്രസിന് തിരിച്ചടി; റയ്‌ബറേലി എംഎൽഎ അതിഥി സിംഗ് ബിജെപിയിലേക്ക്

Thursday 20 January 2022 2:10 PM IST

ലക്‌നൗ: റയ്ബറേലി എംഎൽഎയായ അതിഥി സിംഗ് കോൺഗ്രസ് വിട്ടു. പാർട്ടി വിട്ട ശേഷം രാജിക്കത്ത് അവർ ട്വിറ്ററിൽ പങ്കുവച്ചു. കഴിഞ്ഞ വർഷം നവംബർ മുതൽ ബിജെപിയുടെ പൊതുപരിപാടിയിൽ സജീവമായി ഇവർ പങ്കെടുത്തിരുന്നു. എന്നാൽ ഔദ്യോഗികമായി കോൺഗ്രസ് പാർട്ടി അംഗത്വം രാജിവച്ചിരുന്നില്ല.

ഒരുകാലത്ത് കോൺഗ്രസിന്റെ വിശ്വസ്‌തയായിരുന്ന അതിഥി അടുത്തിടെയായി കോൺഗ്രസിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ വനിത വിംഗ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അദിതി സിംഗിനെ നേരത്തേ പുറത്താക്കിയിരുന്നു.

ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ യുവമുഖമായി നേതൃത്വം കണക്കാക്കിയിരുന്ന നേതാവായിരുന്നു 34 കാരിയായ അതിഥി സിംഗ്.

റായ്ബറേലിയിൽ നിന്ന് നിരവധി തവണ നിയമസഭയിലേ‌യ്‌ക്ക് എത്തിയ പ്രമുഖ കോൺഗ്രസ് നേതാവ് അഖിലേഷ് കുമാർ സിംഗിന്റെ മകളാണ് അതിഥി.