രണ്ടാം  സത്യപ്രതിജ്ഞാ  ചടങ്ങിനായി  മോദി പൊടിപൊടിച്ചത് മുക്കാൽ കോടിയോളം രൂപ; ടോയ്‌ലറ്റിനും ശബ്ദത്തിനും വെളിച്ചത്തിനും അലങ്കാരത്തിനും ചെലവ് 73 ലക്ഷം

Thursday 20 January 2022 5:03 PM IST

ബംഗളൂരു: 2019ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം സത്യപ്രതിജ്ഞാ ചടങ്ങിനായി ചെലവഴിച്ചത് 73 ലക്ഷം രൂപയെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മൊബൈൽ ടോയ്‌ലറ്റുകൾ, ശബ്ദ, വെളിച്ച ക്രമീകരണങ്ങൾ, പൂക്കളുടെ അലങ്കാരങ്ങൾ എന്നിവയ്ക്കാണ് മുക്കാൽ കോടിയോളം രൂപ ചെലവിട്ടത്. വിവരാവകാശ നിയമ പ്രവർത്തകനായ ടി നരസിംഹ മൂർത്തി നൽകിയ അപേക്ഷയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുന്നത്.

2019 മേയ് 30ന് മോദി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മൂർത്തി സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചെലവിനെ സംബന്ധിച്ച കണക്കുകൾ ആവശ്യപ്പെട്ട് വിവരാവകാശനിയമ പ്രകാരം അപേക്ഷ നൽകുന്നത്. ചായ സത്ക്കാരം, സസ്യ- മാംസ്യ ആഹാരങ്ങൾ, ഗതാതഗം, ശബ്ദം, വെളിച്ചം, പൂക്കൾ കൊണ്ടുള്ള അലങ്കാരം, ക്ഷണക്കത്ത് എന്നിവയ്ക്ക് ചെലവായ തുകയുടെ കണക്കാണ് മൂർത്തി ആവശ്യപ്പെട്ടത്. രാഷ്ട്രപതിയുടെ സെക്രട്ടേറിയേറ്റ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കീഴിലെ ഹോർട്ടികൾച്ചർ വകുപ്പ്, പ്രസിഡന്റിന്റെ എസ്റ്റേറ്റ് ഡിവിഷൻ എന്നീവ വകുപ്പുകളിൽ അപേക്ഷ കൈമാറ്റം ചെയ്തതിനുശേഷമാണ് റിപ്പോർട്ട് ലഭിക്കുന്നത്. ഇത് പ്രകാരം 2019 ജൂലയ് 5ന് രാഷ്ട്രപതിയുടെ സെക്രട്ടേറിയേറ്റിൽ നിന്നും ലഭിച്ച മറുപടിയിൽ വ്യക്തിഗത ഫംഗ്‌ഷനുകൾക്കായി പ്രത്യേക അക്കൗണ്ട് ഇല്ലെന്നും സെക്രട്ടേറിയറ്റ് വിഭാഗത്തിന് അനുവദിച്ച വാർഷിക ബഡ്ജറ്റിൽ നിന്നാണ് ചെലവ് വകയിരുത്തിയതെന്നും വ്യക്തമാക്കുന്നു.

എന്നാൽ ഈ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് 2019 ജൂലയ് 19ന് മൂർത്തി രാഷ്ട്രപതി ഭവന് കത്തെഴുതി. ഇതിന് പിന്നാലെ 2019 ഓഗസ്റ്റ് 8ന് രാഷ്ട്രപതി ഭവനിൽ നിന്നുള്ള കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ രാഷ്ട്രപതിയുടെ എസ്റ്റേറ്റിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് മൊബൈൽ ടോയ്‌ലറ്റുകൾക്കായി ചെലവാക്കിയ തുകയുടെ കണക്ക് പുറത്തുവിട്ടു.

താൻ ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മൂർത്തി 2019 നവംബർ 15 ന് കേന്ദ്ര വിവരാവകാശ കമ്മീഷനിലും അപ്പീൽ നൽകി. ഇതിനെത്തുടർന്ന് 2021 ഡിസംബർ 20നാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ചെലവഴിച്ചത് 73 ലക്ഷം രൂപയാണെന്നുള്ള വിവരങ്ങൾ മൂർത്തിയ്ക്ക് ലഭിക്കുന്നത്. മൊബൈൽ ടോയ്‌ലറ്റുകൾ, ലൈറ്റ് ആൻഡ് സൗണ്ട്, പൂക്കളുടെ അലങ്കാരം എന്നിവയ്ക്കായി ആകെ 73,15,505 രൂപ ചെലവഴിച്ചതായി മറുപടിയിൽ പറയുന്നു. മൊബൈൽ ടോയ്‌ലറ്റുകൾക്കായി 32,11,953 രൂപ ചെലവഴിച്ചപ്പോൾ, താത്കാലിക വെളിച്ചത്തിന് 11,79,750 രൂപയും സൗണ്ട് സിസ്റ്റത്തിന് 18,63,744 രൂപയും പൂക്കളമൊരുക്കുന്നതിനും ചെടികളുടെ പ്രദർശനത്തിനും 10,60,058 രൂപയുമാണ് ചെലവായത്. എന്നാൽ കണക്കുകൾ പൂർണമല്ലെന്നും ഗതാഗതം, വിരുന്ന് സത്കാരം, സിസിടിവി, ക്ഷണക്കത്തുകൾ തുടങ്ങിയവയുടെ ചെലവ് വിവരങ്ങളും ഉൾപ്പെടുത്തണമെന്നും മൂർത്തി ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായ വൈ കെ സിൻഹയ്ക്ക് മൂർത്തി കത്ത് നൽകിയിരിക്കുകയാണ്.

Advertisement
Advertisement