കർഷക സംഘടനകളും ഒരു മുന്നണിയായി മത്സരിക്കും

Friday 21 January 2022 1:01 AM IST

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷക സംഘടനകൾ ഒരു മുന്നണിയായി മത്സരിക്കും.ബൽബീർ സിംഗ് രാജേവാളിന്റെ സംയുക്ത് സമാജ് മോർച്ചയും ഗുർനാം സിംഗ് ചാദുനിയുടെ സംയുക്ത് സംഘർഷ് പാർട്ടിയും ചേർന്ന സഖ്യം ഇതുവരെ 57 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് ബൽബീർ സിംഗ് രാജേവാലിനെയാണ്. 47 സീറ്റുകളിൽ എസ്.എസ്.എമ്മും 10 സീറ്റുകളിൽ ചാദുനിയുടെ എസ്.എസ്.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബാക്കി 60 സീറ്റുകളിൽ എസ്.എസ്.എം സ്ഥാനാർത്ഥികളെ നിശ്ചയിക്കും.

സംയുക്ത സമാജ് മോർച്ചയ്ക്കാണ് ഭൂരിപക്ഷം കർഷക സംഘടനകളുടെയും പിന്തുണ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെ 32 കർഷക സംഘടനകളായിരുന്നു സമരരംഗത്ത് ഉണ്ടായിരുന്നത്. കർഷക സംഘടനകളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായിരുന്ന 10 കർഷക സംഘടനകൾ വിയോജിച്ച് മാറി നിന്നു. ബാക്കി 22 സംഘടനകളുടെ പിന്തുണയിലാണ് രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചത്.

 ഭിന്നതയ്ക്കിടയിലും

സഖ്യം ചേർന്ന് മത്സരം

ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത സംഘർഷ് പാർട്ടി 10 സീറ്റിൽ മാത്രമാണ് മത്സര രംഗത്തുള്ളത്. കർഷക സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നപ്പോഴും രാജേവാലും ചാദുനിയും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. കഴിഞ്ഞ ആഴ്ച സീറ്റ് ചർച്ച പരാജയപ്പെട്ടപ്പോൾ രാജേവാലിനെ ചാദുനി രൂക്ഷമായാണ് വിമർശിച്ചത്. സമരം താൻ മുന്നിൽ നിന്ന് നയിച്ചതിൽ അവർ അസ്വസ്ഥരായിരുന്നുവെന്ന് ചാദുനി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് കൂടുതൽ സീറ്റുകൾ നേടാനുള്ള സമ്മർദ്ദ തന്ത്രമായിരുന്നുവെന്നും പ്രക്ഷോഭകാലത്തും അവർ സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായും രാജേവാൽ പക്ഷവും ചൂണ്ടിക്കാട്ടി. ഒടുവിൽ ഇരുപക്ഷവും സമവായത്തിൽ എത്തുകയും ഒരു സീറ്റ് കൂടുതൽ അനുവദിച്ച് 10 സീറ്റ് ചാദുനി പക്ഷത്തിന് നൽകുകയുമായിരുന്നു. കർഷക സംഘടനകൾ ഒന്നായി മത്സരിക്കുന്നത് വോട്ടിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കാം.

Advertisement
Advertisement