മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുൾപ്പെടെ 78 പേർക്ക് കൊവിഡ്

Friday 21 January 2022 12:49 AM IST

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ഉൾപ്പെടെ 78 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. ജീവനക്കാർക്ക് രോഗവ്യാപനം കൂടിയതോടെ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 12 ഡോക്ടർമാർക്കും 24 മെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു. നഴ്സുമാർ , അറ്റൻഡർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 42 പേർക്കും കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇന്നലെയും 34 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു.

തീവ്രപരിചരണ വിഭാഗങ്ങളിലും ജനറൽ വാർഡുകളിലും രോഗികൾ കുറവാണെങ്കിലും ബി കാറ്റഗറിയിൽപ്പെടുന്ന വാർഡുകളിൽ രോഗികളുടെ എണ്ണം കൂടുകയാണ്. ഹൃദ്രോഗം, വൃക്ക, രക്തസമ്മർദം, പ്രമേഹം, പ്രസവ വാർഡ് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഇവിടങ്ങളിലെ ജീവനക്കാരുടെ കുറവ് രോഗികൾക്കാവശ്യമായ പരിചരണം നൽകുന്നതിനും തടസം സൃഷ്ടിക്കുന്നു. ഇന്നലെ സാമ്പിൾ ശേഖരിച്ചവരുടെ പരിശോധനാഫലം ഇന്നു പുറത്തു വരുന്നതോടെ കൂടുതൽ ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കാനുള്ള സാദ്ധ്യതയുണ്ട്.

Advertisement
Advertisement