വൈദ്യുതി വിതരണത്തിന് നിർമ്മിതബുദ്ധി ഉപയോഗിക്കണം: മന്ത്രി കൃഷ്ണൻകുട്ടി

Friday 21 January 2022 12:18 AM IST

തിരുവനന്തപുരം: വോൾട്ടേജ് ഏറ്റക്കുറച്ചിലുകളില്ലാതെ വൈദ്യുതി വിതരണം നിർവ്വഹിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ വിവരസാങ്കേതികസംവിധാനം ഉപയോഗിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

എല്ലാ ലോഡ് ഡെസ്പാച്ച് സെന്ററുകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോറം ഒഫ് ലോഡ് ഡിസ്പാച്ചേഴ്സ് ഏർപ്പെടുത്തിയ എക്സലൻസ് ദേശീയ അവാർഡ് നേടിയ കേരള ലോഡ് ഡെസ്പാച്ച് സെന്ററിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെലവ് കുറഞ്ഞ രീതിയിൽ, സുഗമമായും, തടസ്സരഹിതമായും നിർദ്ദിഷ്ട വോൾട്ടേജിലും ഫ്രീക്വൻസിയിലും എല്ലാ സമയത്തും വൈദ്യുതി ലഭ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് ലോഡ് ഡെസ്പാച്ച് സെന്ററുകൾ.

ഫോറം ഓഫ് ലോഡ് ഡെസ്പാച്ചേഴ്സിന്റെ നേതൃത്വത്തിൽ ഐ.ഐ.ടി ഖരഗ്പൂരിൽ വച്ചുനടത്തിയ അന്താരാഷ്ട്ര കോൺഫറൻസിൽ വച്ച് കേരളത്തിന് അവാർഡ് നൽകി.

വോൾട്ടേജ് വ്യതിയാനം, ആവശ്യാനുസരണം ഉത്പാദന ക്രമീകരണം വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം, വൈദ്യുതിയുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള രീതിയിൽ പോർട്ട്‌ഫോളിയോ മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിലെ മികവ് കണക്കിലെടുത്താണ് കേരളത്തിന് അവാർഡ് നൽകിയത്.

കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്, പ്രസരണ വിഭാഗം ഡയറക്ടർ രാജൻ ജോസഫ്, ആനന്ദ് എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement