സിൽവർ ലൈൻ യോഗത്തിൽ പ്രതിഷേധം: യൂത്ത് കോൺ. സംസ്ഥാന വൈസ് പ്രസിഡന്റിന് മർദ്ദനം

Friday 21 January 2022 12:22 AM IST

കണ്ണൂർ: സിൽവർലൈൻ റെയിൽ പദ്ധതി വിശദീകരിക്കാൻ ചേർന്ന ജനസമക്ഷം പരിപാടിയിലേക്ക് ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറാൻ ശ്രമച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള നേതാക്കൾക്ക് മർദ്ദനമേറ്റു.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ മന്ത്രി എം.വി. ഗോവിന്ദന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ദിനേശ് ഓഡിറ്റോറിയത്തിലേക്ക് ആറ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത്.

കെ റെയിലല്ല, കേരളമാണ് വേണ്ടത് എന്ന മുദ്രാവാക്യം മുഴക്കി അകത്ത് കടക്കാൻ ശ്രമിച്ച സംഘത്തെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസും തടഞ്ഞു.സി.പി.എം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെയാണ് നേതാക്കൾക്ക് മർദ്ദനമേറ്റത്.

സംഘർഷ സാദ്ധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ല. സിറ്റി ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയൻ, ജില്ലാ സെക്രട്ടറി പ്രനിൽ മതുക്കോത്ത്, ജറിൻ ആന്റണി, യഹിയ, മനീഷ് കൊറ്റാളി എന്നിവരും പ്രതിഷേധക്കാരുടെ സംഘത്തിലുണ്ടായിരുന്നു.

പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് സർക്കാർ പരിപാടി സംഘടിപ്പിക്കുന്നത്. മറ്റ് ജില്ലകളിൽ പരിപാടി വൻവിജയമാവുകയും ജനങ്ങളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്തതോടെയാണ് കോൺഗ്രസുകാർ അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ദൃശ്യങ്ങൾ പകർത്താനെത്തിയ ജയ്‌ഹിന്ദ് ചാനൽ റിപ്പോർട്ടർ ധനിത്ത് ലാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

'ഡി.വൈ.എഫ്.ഐ , സി.പി.എം ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ തെരുവു ഗുണ്ടകളെപ്പോലെ മർദ്ദിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെ അങ്ങനെ പ്രതിഷേധിച്ചിട്ടുമുണ്ട്. ആ ഡി.വൈ.എഫ്.ഐ ആണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചത്".

- റിജിൽ മാക്കുറ്റി

Advertisement
Advertisement