ഒറ്റയ്ക്ക് പറന്നു, ചരിത്രം പിറന്നു....!

Friday 21 January 2022 2:10 AM IST

ബ്രസൽസ് : വിമാനത്തിൽ ഒറ്റയ്ക്ക് പറന്ന് ലോകം ചുറ്റിയ ഏറ്റവും പ്രായംകുറഞ്ഞ വനിതയായി മാറിയിരിക്കുകയാണ് സാറ റഥർഫോർഡ് എന്ന 19കാരി. ബ്രിട്ടീഷ് - ബെൽജിയൻ പൗരയായ സാറ ഇന്നലെ തന്റെ ധൗത്യം വിജയകരമായി പൂർത്തിയാക്കി പടിഞ്ഞാറൻ ബെൽജിയത്തിലെ കോർട്രിക് - വെവെൽഗം എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 41 രാജ്യങ്ങളും 52,000 കിലോമീറ്ററുകളും താണ്ടി രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കിയുമാണ് സാറ ചരിത്രം കുറിച്ചിരിക്കുന്നത്.

2017ൽ തന്റെ 30ാം വയസിൽ ലോകം പറന്ന് ചുറ്റിയ അമേരിക്കക്കാരി ഷെസ്റ്റ വെയ്സിന്റെ റെക്കോർഡ് തകർത്താണ് ആ നേട്ടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി സാറ മാറിയത്. ഒപ്പം മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ ലോകം ചുറ്റിയ ആദ്യ വനിതയെന്ന റെക്കോർഡും സാറ സ്വന്തമാക്കി. ലോകം ചുറ്റുന്ന ആദ്യ ബെൽജിയൻ സ്വദേശി കൂടിയാണ് സാറ.

2021 ഓഗസ്റ്റ് 18ന് രണ്ട് സീറ്റുള്ള ഷാർക് ചെറുവിമാനത്തിലാണ് സാറ തന്റെ യാത്ര തുടങ്ങിയത്. മോശം കാലാവസ്ഥയുൾപ്പെടെ ഒട്ടേറ വെല്ലുവിളികളെ അതിജീവിച്ചാണ് സാറ തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. അമേരിക്ക, സിംഗപ്പൂർ, ഈജിപ്റ്റ്, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെത്തിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഇവിടുത്തെ പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ സാറയ്ക്കായില്ല.

സെപ്റ്റംബറോടെ കമ്പ്യൂട്ടർ എൻജിനിയറിംഗ് പഠനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സാറ. സാറയുടെ മാതാപിതാക്കൾ പൈലറ്റുമാരാണ്. അതിനാൽ 14ാം വയസു മുതൽ സാറയ്ക്ക് വിമാനം പറത്താനുള്ള പരിശീലനം ലഭിച്ചിരുന്നു. എന്നാൽ, ലൈസൻസ് ലഭിച്ചത് 2020ലാണ്. തന്റെ യാത്ര ഏവിയേഷൻ മേഖല ഇഷ്ടപ്പെടുന്ന വനിതകൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാറ പറയുന്നു.

Advertisement
Advertisement