കൊവിഡ്: നിയന്ത്രണങ്ങൾക്ക് ഫുൾസ്റ്റോപ്പിടാൻ ബ്രിട്ടൺ

Friday 21 January 2022 2:11 AM IST

ലണ്ടൻ: ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്നു. അടുത്ത വ്യാഴാഴ്ച മുതൽ ഭൂരിഭാഗം നിയന്ത്രണങ്ങളും അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്ലാൻ ബി നിയന്ത്രണങ്ങളിൽ നിന്ന് പ്ലാൻ എ ഘട്ടത്തിലേക്ക് മടങ്ങാനൊരുങ്ങുകയാണ് രാജ്യം.

ബ്രിട്ടനിൽ ഭൂരിഭാഗം പേർക്കും കൊവിഡ് വന്നുവെന്നും ഒമിക്രോൺ കേസുകൾ പാരമ്യത്തിലെത്തി കഴിഞ്ഞെന്നും അതിനാൽ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബോറിസ് പറഞ്ഞു. കൊവിഡിന്റെ അവസാനമല്ല ഇതെന്നും ഫ്ലൂവിനൊപ്പം ജീവിക്കുന്നത് പോലും കൊവിഡിനൊപ്പം ജീവിക്കാൻ നാം ശീലിക്കണമെന്നും രാജ്യത്തെ ബൂസ്റ്റർ ഡോസ് ക്യാംപെയിൻ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, ഐസൊലേഷൻ മാർഗ നിർദ്ദേശങ്ങൾ രാജ്യത്ത് തുടരുമെങ്കിലും മാർച്ചിനപ്പുറം നീട്ടില്ലെന്നും രാജ്യത്ത് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ബോറിസ് ജോൺസൺ പാർലമെന്റിൽ പറഞ്ഞു. ഒമിക്രോൺ വകഭേദം നിസാരമല്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ചൂണ്ടിക്കാട്ടി.

 ഇളവുകൾ

 മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എന്നാൽ, അടച്ചിട്ടയിടങ്ങളിലും ജനത്തിരക്കിലും അപരിചതർക്കിടെയിലും മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം

 ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാൻ തടസമില്ല

 നൈറ്റ് ക്ലബ്, കടകൾ, പൊതുഗതാഗതം എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. ആവശ്യമെങ്കിൽ സംഘാടകർക്ക് തീരുമാനിക്കാം

 സെക്കൻഡറി സ്കൂളുകളിലും മാസ്ക് നിർബന്ധമല്ല

 കൊവിഡ് ഐസൊലേഷൻ കാലയളവ് ജനുവരി 24 മുതൽ രാജ്യത്ത് അഞ്ച് ദിവസമായി ചുരുക്കി

 യാത്ര, കെയർ ഹോമുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും

 400 ദശലക്ഷം മാസ്കുകൾ വിതരണം ചെയ്യുമെന്ന് യു.എസ്

ഉയർന്ന നിലവാരത്തിലുള്ള 400 ദശലക്ഷം കൊവിഡ് എൻ 95 മാസ്കുകൾ സൗജന്യമായി അമേരിക്കൻ ജനതയ്ക്ക് വിതരണം ചെയ്യുമെന്ന് ബൈഡൻ ഭരണകൂടം. അടുത്താഴ്ച മുതൽ വിതരണം ആരംഭിക്കും. ഇതിനായി രാജ്യത്തുടനീളം ആയിരക്കണക്കിന് ഡിസ്ട്രിബ്യൂഷൻ പോയിന്റുകൾ സ്ഥാപിക്കും. ഫാർമസികളും കമ്മ്യൂണിറ്റി സെന്ററുകളുമാകും പ്രധാന വിതരണ കേന്ദ്രങ്ങളെന്നാണ് കരുതുന്നത്. ഫെബ്രുവരിയോടെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. യു.എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത സുരക്ഷാ ഉപകരണ വിതരണ പദ്ധതിയാണിത്. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് പരിശോധനയും വർദ്ധിക്കുകയാണ്. ഓരോ കുടുംബത്തിനും സൗജന്യ പരിശോധന വീട്ടിലെത്തി ലഭ്യമാക്കുന്ന സേവനത്തിന്റെ വെബ്സൈറ്റ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

 ഇളവുകളുമായി സ്കോട്ട്‌ലൻഡ്

സ്കോട്ട്‌ലൻഡിൽ കൊവിഡ് നിയന്ത്രണങ്ങളിൽ തിങ്കളാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരുമെന്ന് ഫസ്റ്റ് മിനിസ്റ്ററും സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവുമായ നികോള സ്റ്റ‌ർജൻ പറഞ്ഞു. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ പരിധി ഉയരും. നൈറ്റ് ക്ലബുകൾ തുറക്കും.

 പരിശോധനാ ഫലം വേണ്ട

സ്വീഡിനിലേക്കുള്ള യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് ഫലം കാണിക്കേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 28നാണ് രാജ്യത്ത് പ്രവേശിക്കുന്നതിന് സ്വീഡൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

 വാക്സിനെടുത്താൽ സമ്മാനം

രാജ്യത്തെ വാക്സിനേഷൻ നിരക്ക് ഉയർത്താൻ വാക്സിനേഷന് വിധേയമാകുന്നവർക്ക് പുതിയ ലോട്ടറി അവതരിപ്പിച്ച് ഓസ്ട്രിയ. വാക്സിനെടുക്കുന്നവർക്കെല്ലാം ലോട്ടറി വിതരണം ചെയ്യും. ഓരോ ഡോസിനും ഓരോ ലോട്ടറി വീതം ലഭിക്കും. മുമ്പ് വാക്സിനെടുത്തവർക്കും ലോട്ടറി നൽകും. ഓരോ പത്ത് ടിക്കറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടിക്കറ്റ് ഉടമകൾക്ക് 500 യൂറോയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. പടിഞ്ഞാറൻ യൂറോപ്പിൽ വാക്സിനേഷൻ ഏറ്റവും കുറഞ്ഞ രാജ്യമാണ് ഓസ്ട്രിയ.

Advertisement
Advertisement