കിറ്റ് കാറ്റിന്റെ കവറിൽ ഹിന്ദു ദൈവങ്ങളുടെ  ചിത്രങ്ങൾ; കണക്കുകൂട്ടലുകൾ പിഴച്ചു, നെട്ടോട്ടമോടി നെസ്‌ലെ  ഇന്ത്യ

Friday 21 January 2022 11:33 AM IST

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ മിട്ടായി കവറിൽ ആലേഖനം ചെയ്തതിന്റെ പേരിൽ വൻ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ. പ്രതിഷേധം കനത്തതോടെ തങ്ങളുടെ പ്രശസ്ത ബ്രാൻഡായ കിറ്റ് കാറ്റ് വിപണിയിൽ നിന്നും പിൻവലിച്ചതായി കമ്പനി അറിയിച്ചു. ജഗന്നാഥ്, ബാലഭദ്ര, മാതാ സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളായിരുന്നു കിറ്റ് കാറ്റിന്റെ കവറിൽ നൽകിയിരുന്നത്.

സ്വിസ് മൾട്ടിനാഷണൽ കമ്പനിയായ നെസ്‌ലെയുടെ ഇന്ത്യൻ ഘടകമാണ് നെസ്‌ലെ ഇന്ത്യ. ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തതിലൂടെ മതവിതകാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം ഉയർന്നത്. പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്തെത്തുകയായിരുന്നു. മുൻകൂർ നടപടിയെന്ന നിലയിൽ കഴിഞ്ഞ വർഷം തന്നെ വിപണിയിൽ നിന്ന് ചിത്രങ്ങളുള്ള പായ്ക്കുകൾ പിൻവലിച്ചതായും കമ്പനി അറിയിച്ചു. കമ്പനിക്കെതിരെ രാജ്യത്തുടനീളം കനത്ത വിമർശനം ഉയർന്നിരുന്നു.

ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത മിട്ടായി പായ്ക്കുകൾ ട്രാവൽ പായ്ക്കുകൾ ആയിരുന്നെന്ന് നെസ്‌ലെ പറഞ്ഞു. ഒഡീഷയുടെ തനത് സംസ്കാരമായ പട്ടചിത്രയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളായിരുന്നു മിട്ടായി കവറുകളിൽ ഉൾപ്പെടുത്തിയതെന്നും കമ്പനിയുടെ വക്താവ് കൂട്ടിച്ചേർത്തു.

ഒഡീഷ ആസ്ഥാനമായുള്ള ഒരു പുരാതന കലാസൃഷ്ടിയാണ് പട്ടചിത്രം. ഈ കലാരൂപം അതിൽ ആലേഖനം ചെയ്ത നാടോടിക്കഥകളുടെ പേരിൽ അതി പ്രശസ്തമാണ്. ആചാരപരമായ ഉപയോഗത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. പുരിയിലേക്കുള്ള തീർത്ഥാടകർക്കും ഒഡീഷയിലെ മറ്റ് ക്ഷേത്രങ്ങൾക്കും വേണ്ടിയുള്ള സ്മാരക ചിഹ്നമായും ഇവ കരുതപ്പെടുന്നു.

തങ്ങൾ ഒഡീഷയുടെ സംസ്കാരം ആഘോഷിക്കാനാണ് ആഗ്രഹിച്ചതെന്ന് മിട്ടായി പായ്ക്കറ്റുകൾ വിപണിയിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ കമ്പനി അറിയിച്ചു. ഇതിലൂടെ പട്ടചിത്രയെന്ന കലയെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കാനാണ് തങ്ങൾ ശ്രമിച്ചത്. ഇത്തരം ഡിസൈനുകൾ തങ്ങളുടെ ഉപഭോക്താക്കൾ ഇഷ്ടപ്പെട്ടിരുന്നതായി തങ്ങളുടെ മുൻ ഉത്പന്നങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ തങ്ങൾ ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു. മാഗി, നെസ്‌കഫേ, മിൽക്‌മെയ്‌ഡ്, മഞ്ച്, മിൽകിബാർ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ഉടമ കൂടിയാണ് നെസ്‌ലെ.

Advertisement
Advertisement