മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകൾ നടത്തുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി; സിനിമാസംഘടനകളിൽ കുത്തിത്തിരിപ്പുണ്ടാക്കി രണ്ടാക്കുന്നത് ദിലീപെന്നും ബൈജു കൊട്ടാരക്കര

Friday 21 January 2022 12:20 PM IST

മലയാള സിനിമയിൽ നടക്കുന്നത് കള്ളപ്പണ ഇടപാടുകളാണെന്നും ട്വന്റി ട്വന്റി എന്ന സിനിമ ചെയ്തുകൊണ്ടാണ് ദിലീപ് സിനിമയിൽ ആധിപത്യം സ്ഥാപിച്ചതെന്നും ബൈജു കൊട്ടാക്കര. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ട്വന്റി ട്വന്റി എന്ന സിനിമ ചെയ്തുകൊണ്ടാണ് ദിലീപ് സിനിമയിൽ ആധിപത്യം സ്ഥാപിച്ചത്. മമ്മൂട്ടിയെയും മോഹൻലാലിനെയും പൊട്ടൻ കളിപ്പിച്ചു എന്നാണ് പറയുന്നത്. അതിന് വേറെ കഥകളുണ്ട്. ആ സിനിമ ചെയ്‌തതു മുതൽ നിർമ്മാണം,​ വിതരണം,​ തീയേറ്റർ,​ സംഘടന ആയാലും എല്ലാ മേഖലയിലും കൈ കടത്തി. ഏതു സംഘടനയുണ്ടോ അതിലെല്ലാം മെമ്പർഷിപ്പ് എടുക്കും. എന്നിട്ട് കുത്തിത്തിരുപ്പ് ഉണ്ടാക്കി ഓരോ സംഘടനയെയും രണ്ടാക്കും. തന്റെ കൂടെ നിൽക്കുന്ന ആളുകളുടെ മുന്നിൽ പ്രമാണി കളിക്കും.

കൂടെ നിൽക്കുന്നവരെ പിടിച്ച് ഓരോ സംഘടനയുടെയും തലപ്പത്ത് ഇരുത്തും. കോടികളുടെ ബിസിനിസാണല്ലോ ഇവിടെ നടക്കുന്നത്. പണത്തിന്റെ ഹുങ്ക് വളരെയധികമാണ്. സിനിമക്കാരുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാൽ യഥാർത്ഥ പണവും കണക്കുകളിൽ കാണിച്ചിരിക്കുന്ന പണവും തമ്മിലുള്ള അന്തരം മനസിലാകും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ ഗുൽഷനാണ് മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകൾ നടത്തികൊണ്ടിരുന്നത്.

അയാൾക്ക് അറിയാത്ത ഭാഷയില്ല. എല്ലാവരുടെയും പണം കളക്‌ട് ചെയ്‌ത് താരങ്ങൾക്ക് ഹവാല വഴി എത്തിച്ചു കൊടുക്കുന്നത് അയാളാണ്. ഗവൺമെന്റിനെ പോലും പറ്റിക്കുന്ന പരിപാടിയാണ്. ബോളിവുഡ് സിനിമ പോലെയാണ് ഇവിടെയും. അവരെ ഒട്ടി നിൽക്കുന്നവർക്ക് മാത്രമേ ഇവിടെ സിനിമയുള്ളൂവെന്നുമാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്.