ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനെന്ന് സൂചനകൾ നൽകി പ്രിയങ്ക ഗാന്ധി, തമാശ പറഞ്ഞതെന്ന് പിന്നീട് തിരുത്തൽ

Friday 21 January 2022 7:05 PM IST

ന്യൂഡൽഹി: ഉത്ത‌ർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കുമെന്ന സൂചനകൾ നൽകി മണിക്കൂറുകൾക്ക് ശേഷം പറഞ്ഞത് പിൻവലിച്ച് പ്രിയങ്ക ഗാന്ധി. രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രിയങ്കയാണോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംസ്ഥാനത്തുടനീളം തന്റെ ചിത്രങ്ങൾ കാണാൻ സാധിക്കുന്നില്ലേയെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ മറുപടി. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ മാദ്ധ്യമങ്ങൾ അത് വ്യാഖ്യാനിക്കുകയും ചെയ്തു.

എന്നാൽ വൈകുന്നേരം ഒരു ദേശീയ വാ‌ർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക നേരത്തെ പറഞ്ഞത് തിരുത്തി. താൻ അത് തമാശയായി പറഞ്ഞതാണെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താൻ ആകണമെന്ന് ഒരു നി‌ർബന്ധവുമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ഇനിയും ധാരാളം സമയമുണ്ടെന്നും സമയമാകുമ്പോൾ ഉചിതമായ വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം ഇത്രയുംകാലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന പ്രിയങ്ക ഉത്ത‌ർപ്രദേശ് തിരഞ്ഞെടുപ്പിൽ സ്ഥാനാ‌ർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പ്രിയങ്ക ഇതുവരെയായും ഇത്തരം അഭ്യൂഹങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല ഇന്ന് രാവിലെ നടത്തിയ പ്രതികരണങ്ങൾ പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ നൽകുന്നുണ്ട്.