കോടതി വിധി സിപിഎമ്മിന്റെ അഭിപ്രായം കേൾക്കാതെ,​ ഉത്തരവ് കാസർകോടിന് മാത്രം ബാധകമെന്ന് കോടിയേരി

Friday 21 January 2022 9:22 PM IST

തൃശ്ശൂർ: കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയത് പാർട്ടിയുടെ അഭിപ്രായം കേൾക്കാതെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോടതി ഇടപെടൽ കാസർകോട് ജില്ലാ സമ്മേളനത്തിനു മാത്രമാണ് ബാധകം. കോടതി വിധി മാനിച്ചതു കൊണ്ടാണ് കാസർകോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിപ്പിച്ചത്. തൃശൂരിന് വിധി ബാധകമല്ല. തൃശൂരിൽ നാളെ വൈകീട്ട് അഞ്ച് മണിയോടെ സമ്മേളനം അവസാനിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. കൊവിഡ് വ്യാപനം സി.പി.എം സമ്മേളനങ്ങൾ കൊണ്ടല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് ജില്ലയിലെ സി.പി.എം സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കി. ഇന്ന് രാത്രി 10.30 വരെയാണ് സമ്മേളനം നടക്കുക. ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങൾക്കും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.