പരാതിക്കാരൻ ചുമരിൽ തല ഇടിച്ച് സ്വയം പരിക്കേൽപ്പിച്ചെന്ന് പൊലീസ്

Saturday 22 January 2022 12:09 AM IST

കൽപ്പറ്റ: പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ തല സ്വയം ഇടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് കാഞ്ഞിരങ്ങാട് സ്വദേശി അനീഷ് ബേബി പൊലീസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയതെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിനാണ് പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്.

അനീഷ് ബേബി മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച പരാതിയിലാണ് പൊലീസിന്റെ വിശദീകരണം. തന്നെ തലപ്പുഴ എസ് ഐ 2020 ജൂൺ 24 ന് സ്റ്റേഷനിൽ വിളിച്ചു വരുത്തി ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി.

വാളാട് കാംപെട്ടി സ്വദേശിയായ പ്രസാദിൽ നിന്ന് പരാതിക്കാരനായ അനീഷ് കാർ വാങ്ങിയ ശേഷം പണം നൽകിയില്ലെന്ന് പൊലീസ് അറിയിച്ചു. പ്രസാദ് പൊലീസിൽ പരാതി നൽകിയതനുസരിച്ചാണ് അനീഷിനെ വിളിച്ചു വരുത്തിയത്. വാഹനം വാങ്ങിയ വകയിൽ ആർക്കും പണം നൽകാനില്ലെന്നായിരുന്നു അനീഷ് പൊലീസിനോട് പറഞ്ഞത്. ആർ.സി ബുക്ക് എത്രയും വേഗം മാറി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിങ്ങൾക്ക് കാണിച്ചു തരാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ അനീഷ് തല ഇടിച്ച് സ്വയം പരിക്കേൽപ്പിച്ചതാണെന്ന് പൊലീസ് മേധാവി അറിയിച്ചു. ഇയാൾക്ക് ചികിത്സ ഉറപ്പാക്കി. കേസും എടുത്തിട്ടുണ്ട്. പൊലീസ് വാദത്തിന് പരാതിക്കാരൻ മറുപടി സമർപ്പിക്കാത്തതിനെ തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

Advertisement
Advertisement