കൊവിഡ് നിയന്ത്രണ മാനദണ്ഡം സി.പി.എം ജില്ലാ സമ്മേളനങ്ങൾ: കെ. മുരളീധരൻ

Saturday 22 January 2022 12:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിനുള്ള മാനദണ്ഡം സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങളാണെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.പി ആരോപിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും സർക്കാരും സി.പി.എമ്മും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാർട്ടി സമ്മേളനങ്ങളിലും സിൽവർലൈനിലുമാണ്.

സെമി ഹൈസ്പീഡിലല്ല, ഹൈ സ്പീഡിലാണ് കേരളത്തിലെ കൊവിഡ് വ്യാപനം. ആരോഗ്യമന്ത്രി പറയുന്നതിനെ അവരുടെ പാർട്ടിപോലും മാനിക്കുന്നില്ല. അവരെക്കൊണ്ട് വിഡ്ഢിവേഷം കെട്ടിക്കരുത്. ഒരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സി.പി.എം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നത്.

കാസർകോട് ജില്ലാ കളക്ടർ പൊതുപരിപാടികൾ വിലക്കി ഇറക്കിയ ഉത്തരവ് പിൻവലിച്ചത് സി.പി.എമ്മിന്റെ ജില്ലാ സമ്മേളനം നടക്കുന്നതിനാലാണ്. മദ്യക്കുപ്പിയിലും സിഗരറ്റ് പായ്ക്കറ്റിലുമൊക്കെ 'ആരോഗ്യത്തിന് ഹാനികരം' എന്നെഴുതി വച്ചത് പോലെയാണ് കേരളത്തിലെ കൊവിഡ് പ്രോട്ടോക്കോൾ. കർശന നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ കേരളം കൂട്ടമരണത്തിലേക്ക് പോകും.

 തല്ലിയാൽ തിരിച്ചടിക്കുന്നതാണ് സെമികേഡർ

ഇങ്ങോട്ട് തല്ലുമ്പോൾ കൊള്ളുന്നതല്ല സെമി കേഡർ എന്നും തല്ലിയാൽ തിരിച്ചടിക്കുന്നതും സെമികേഡറിന്റെ ഭാഗമാണെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ശരീരത്തിൽ തൊട്ടാൽ കളി മാറും. കൊവിഡ് സമയത്ത് സർക്കാർ തിരക്കിട്ട് സിൽവർലൈൻ പഠനക്ലാസുകൾ നടത്തുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ പോലും അവസരമില്ല. അക്രമരാഷ്ട്രീയത്തെ എതിർക്കുകയും മതേതരത്വത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ നയം എന്നും ഒന്നാണ്. എന്നാൽ നേതാവ് മാറുന്നതിനനുസരിച്ച് അത് നടപ്പാക്കുന്ന രീതിക്ക് മാറ്റം വരും. കോൺഗ്രസിനോട് അത്രയ്ക്ക് എതിർപ്പാണെങ്കിൽ കോൺഗ്രസുമായി ഒരിടത്തും സഖ്യമുണ്ടാക്കില്ലെന്ന് സി.പി.എം പ്രഖ്യാപിക്കുമോ? മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള കത്ത് കെ.പി.സി.സി പ്രസിഡന്റ് തന്നെ പിൻവലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അമേരിക്കൻചികിത്സ ചർച്ചയാക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം.

Advertisement
Advertisement