ബസിൽ കയറുന്നതിനെച്ചൊല്ലി സംഘർഷം: ബിയർ കുപ്പി കൊണ്ട് വിദ്യാർത്ഥിയുടെ തലയടിച്ച് തകർത്തു

Saturday 22 January 2022 12:21 AM IST

കുന്നംകുളം: കീഴൂർ പോളിടെക്‌നിക് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥികളും വിവേകാനന്ദ കോളേജിലെ എ.ബി.വി.പി വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. സംഘർഷത്തിൽ കീഴൂർ പോളിടെക്‌നിക് കോളേജിലെ ടി.ഡി മൂന്നാം വർഷ വിദ്യാർത്ഥി കേച്ചേരി പെരുമണ്ണൂർ പന്തീരായിൽ വീട്ടിൽ സന്തോഷിന് (21) തലയ്ക്ക് പരിക്കേറ്റു. കുന്നംകുളം ബസ് സ്റ്റാൻഡിൽ വച്ച് ബസിൽ കയറുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ ആദ്യം കയറിയ പോളിടെക്‌നിക് കോളജിലെ വിദ്യാർത്ഥികളെ വിവേകാനന്ദ കേളേജിലെ എ.ബി.വി.പി വിദ്യാർത്ഥികൾ വലിച്ച് താഴെയിറക്കിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇത് ചോദ്യം ചെയ്ത് വിവേകാനന്ദ കോളേജിൽ നിന്നും ബൈക്കിലെത്തിയ നാല് വിദ്യാർത്ഥികൾ ബിയർ ബോട്ടിൽ കൊണ്ട് സന്തോഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement