പാർട്ടി കോൺഗ്രസ് കണ്ണൂരിലേക്ക് വരുമ്പോൾ...

Saturday 22 January 2022 12:30 AM IST

കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന മണ്ണായ കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് വേദിയാകുമ്പോൾ സി.പി.എമ്മിന്റെ രാഷ്ട്രീയ 'തല' സ്ഥാനത്ത് അതൊരു പുതുചരിത്രമാകും. ഏപ്രിൽ ആറ് മുതൽ പത്ത് വരെ കണ്ണൂർ നായനാർ അക്കാഡമിയിൽ നടക്കുന്ന സമ്മേളനത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. സ്വാഗതസംഘം രൂപീകരണം, സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം,​ ലോഗോ പ്രകാശനം തുടങ്ങിയ പരിപാടികൾക്കൊപ്പം ഏരിയാ തലങ്ങളിലുള്ള സംഘാടകസമിതി രൂപീകരണവും നടന്നു കഴിഞ്ഞു.

സി.പി. എമ്മിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ശക്തികേന്ദ്രമെന്ന നിലയിൽ കണ്ണൂർ ഇപ്പോഴെ ചുവന്നു കഴിഞ്ഞു. ചുവരുകളിലെല്ലാം നേതാക്കളുടെ ചിത്രങ്ങൾ നിരന്നു. കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും കവലകളിൽ സ്ഥാനംപിടിച്ചു. അടുത്ത മാസത്തോടെ സി.പി. എമ്മിന്റെ എല്ലാ മുതിർന്ന നേതാക്കളും കണ്ണൂർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം നടത്തുക.

​ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 800 പ്രതിനിധികൾക്കൊപ്പം സൗഹാർദ്ദ പ്രതിനിധികളും കൂടിയാകുമ്പോൾ സമ്മേളനത്തിന് എത്തുന്നവരുടെ അംഗസംഖ്യ 1000 കവിയും. ആദ്യമായി കണ്ണൂരിലെത്തുന്ന പാർട്ടി കോൺഗ്രസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ എണ്ണയിട്ട യന്ത്രം പോലെ സി.പി. എം. സംഘടനാ നേതൃത്വം കറങ്ങിത്തുടങ്ങി.

സി.പി. എമ്മിനോട് ചേർത്തുവയ്ക്കാൻ കണ്ണൂരിന് നിരവധി ചരിത്ര മുഹൂർത്തങ്ങളുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ തുടർഭരണം കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നാട് എന്നതിലുപരി കൂടുതൽ കാലം സി.പി.എമ്മിന്റെ അമരത്ത് സെക്രട്ടറിമാരായതും കണ്ണൂരിൽ നിന്നുള്ള നേതാക്കളായിരുന്നു എന്നതും മറ്റൊരു ചരിത്രം. കണ്ണൂർ വിമാനത്താവളം, ഇ.കെ. നായനാർ അക്കാഡമി തുടങ്ങിയവയുടെ സാന്നിദ്ധ്യം എന്നിവയും പാർട്ടി കോൺഗ്രസിന് വേദിയാകാൻ കാരണമായെന്നു വേണം കരുതാൻ.

1939ൽ പിണറായി പാറപ്രത്ത് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തോടെയാണ് കണ്ണൂർ ചുവന്നു തുടങ്ങിയത്. പി. കൃഷ്‌ണപിള്ള, ഇ. എം. എസ്, കെ. ദാമോദരൻ, വിഷ്‌ണു ഭാരതീയൻ, കെ.എ കേരളീയൻ തുടങ്ങിയ നേതാക്കളാണ് സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്. തുടർന്ന് സി.പി.എം പിറവിയെടുത്തത് മുതൽ എട്ട് സംസ്ഥാന സെക്രട്ടറിമാരിൽ ആറുപേരും കണ്ണൂർ സ്വദേശികൾ. നാലു തവണ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണ് റെക്കാർഡ്.

ഇ.കെ. നായനാരെ കാണാം,​ വായിക്കാം

ജനകീയത കൊടിയടയാളമാക്കിയ നേതാവ്, ദീർഘകാലം കേരളത്തിന്റെ മുഖ്യമന്ത്രി, കയ്യൂർ സമരത്തിന്റെ മുന്നണി പോരാളി, നർമ്മം വിതറുന്ന സംഭാഷണത്തിലൂടെ എതിരാളികൾക്ക് പോലും പ്രിയങ്കരൻ... കേരളത്തിന്റെ ജനപ്രിയ നേതാവ് ഇ.കെ നായനാർ ഇവിടെ പുനർജനിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ചരിത്രം ആലേഖനം ചെയ്യുന്ന ലോകത്ത് തന്നെ ആദ്യത്തെ മ്യൂസിയത്തിലെ പ്രധാന ഭാഗവും ഇ.കെ. നായനാർക്ക് വേണ്ടിയാണ്. പാർട്ടി കോൺഗ്രസിന് വേദിയാകുന്ന നായനാർ അക്കാഡമിയിൽ മാർച്ച് ആദ്യവാരത്തോടെ മ്യൂസിയം സജ്ജമാകും.

മൂന്നു ഘട്ടങ്ങളിലായാണ് മ്യൂസിയം. 18000 ചതുരശ്ര അടിയിലാണ് മ്യൂസിയം രൂപകൽപ്പന ചെയ്യുന്നത്. സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയം, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം എന്നിവയ്ക്ക് രൂപകൽപ്പന ചെയ്ത മ്യൂസിയങ്ങളുടെ രാജ്യാന്തര സംഘടനയായ ഇന്റർ നാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ ബോർഡ് അംഗം കൂടിയായ ചെന്നൈ സ്വദേശിയായ വിനോദ് ഡാനിയലാണ് മ്യൂസിയം രൂപകല്‌‌പന ചെയ്യുന്നത്. രാജ്യാന്തര മ്യൂസിയങ്ങളുടെ സംരക്ഷകൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഒരുതവണ മ്യൂസിയത്തിൽ പോകുന്നത് ശരി, എന്നാൽ രണ്ടാം തവണയും മ്യൂസിയത്തിൽ കയറണമെന്നു തോന്നുന്ന രീതിയിൽ ചരിത്രത്തോടും പുതുതലമുറയുടെ അഭിരുചിയോടും നീതിപുലർത്തുന്ന തരത്തിലാണ് രൂപ കല്‌പന. ചലച്ചിത്ര പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ ശങ്കർ രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ക്രിയേറ്റീവ് ഹെഡ്.

സോവിയറ്റ് കോർണറിനു തൊട്ടുപിന്നാലെ 1939ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യപ്രവർത്തനത്തിന് തീരുമാനമെടുത്ത, രഹസ്യസമ്മേളനത്തിന് വേദിയായ കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രം സമ്മേളന ദൃശ്യങ്ങളുടെ പുനരാവിഷ്കാരം ഇ.കെ. നായനാരുടെ നേതൃത്വത്തിൽ നടന്ന കയ്യൂർ സമരം, കേരളത്തിലെ കർഷകസമരങ്ങളായ കരിവെള്ളൂർ, മോറാഴ എന്നിവയുടെ പുതിയ പതിപ്പുകൾ, മറ്റു ദേശീയ സമരങ്ങൾ എന്നിവയും മ്യൂസിയത്തിലുണ്ടാകും. പാറപ്രം സമ്മേളനത്തോടെയാണ് വടക്കേ മലബാറിലാകെ എണ്ണമറ്റ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ ഇരമ്പിയത്. കരിവെള്ളൂരും കയ്യൂരും കാവുമ്പായിയും തലശേരിയും മട്ടന്നൂരും മോറാഴയും അടക്കമുള്ള പടനിലങ്ങളിലൂടെ കണ്ണൂരും കേരളവും ചുവന്ന് എങ്ങനെ? എല്ലാം മ്യൂസിയം പറയും.

നായനാരുടെ ജനകീയ സ്വഭാവം പ്രകടമാക്കുന്ന ദൃശ്യങ്ങൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന ജൂബ, പേന, റേഡിയോ, എഴുതിയ പുസ്തകങ്ങൾ, അപൂർവ ഫോട്ടോകൾ..... എന്നിവയും മ്യൂസിയത്തിലുണ്ടാകും. പത്ത് മിനിട്ടോളം ദൈർഘ്യമുള്ള ഓറിയന്റേഷൻ തിയേറ്ററിൽ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യും. ത്രീ ഡി ടെക്നോളജിയിൽ പൂർണമായും പുതിയൊരു അനുഭവമായി മാറുന്നതായിരിക്കും മ്യൂസിയം.

സാങ്കേതിക വിദഗ്ധരും കലാസംവിധായകരുമായ വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ മ്യൂസിയത്തിനു പിന്നിൽ അണിനിരക്കുന്നുണ്ട്. എറണാകുളത്തും ബാംഗ്ളൂരിലും വച്ചാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു, അക്കാഡമി ഡയറക്ടർ പ്രൊഫ. ടി.വി. ബാലൻ എന്നിവരാണ് മ്യൂസിയത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.

ചരിത്രസമ്മേളനമാകും

എം.വി.ജയരാജൻ

സി.പി. എം ജില്ലാ സെക്രട്ടറി,​ കണ്ണൂർ

ആദ്യമായി കണ്ണൂരിലെത്തുന്ന പാർട്ടി കോൺഗ്രസിനെ സ്വീകരിക്കാൻ നാടും നഗരവും പൂർണമായും ഒരുങ്ങിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസിന്റെ സന്ദേശം നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കാനുള്ള ശ്രമങ്ങളിലാണ് പ്രവർത്തകർ. കണ്ണൂരിന് ഒരു ചരിത്രസമ്മേളനമായി മാറും ഈ പാർട്ടി കോൺഗ്രസ്.

Advertisement
Advertisement