യെമനിൽ ജയിലിന് നേരെ വ്യോമാക്രമണം: നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Saturday 22 January 2022 2:26 AM IST

സനാ : വടക്കൻ യെമനിൽ ഹൂതി വിമതർ നിയന്ത്രിച്ചിരുന്ന ജയിലിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. 70ലേറെ പേരുടെ മൃതദേഹങ്ങൾ സമീപ ആശുപത്രികളിൽ എത്തിച്ചെന്നാണ് ലഭ്യമായ വിവരം. ഹൂതികളുടെ കേന്ദ്രമായ സാദയിൽ നടന്ന വ്യോമാക്രമണത്തിന് പുറമേ ഹൊദെയ്‌ദയിൽ യെമനിലെ പ്രധാന ടെലികമ്മ്യൂണിക്കേഷൻ സംവിധാനവും തകർക്കപ്പെട്ടിട്ടുണ്ട്. യെമനിലെ ഇന്റർനെറ്റ് ബന്ധം ഇതോടെ തകരാറിലായിരിക്കുകയാണ്. തുറമുഖ നഗരമായ ഹൊദെയ്‌ദയിൽ നടന്ന ആക്രമണത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഹൊദെയ്‌ദയിലെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് സൗദി സഖ്യസേന അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ സാദയിലെ വ്യോമാക്രമണത്തിൽ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച അബുദാബിയിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ സൗദി സഖ്യസേന യെമനിൽ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്.

Advertisement
Advertisement