അമേരിക്കൻ റോക്ക് ഗായകൻ മീറ്റ് ലോഫ് അന്തരിച്ചു

Saturday 22 January 2022 2:27 AM IST

ലോസ്ആഞ്ചലസ് : അമേരിക്കൻ റോക്ക് സംഗീത ഇതിഹാസം മീറ്റ് ലോഫ് ( 74 ) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നതായി ചില ഹോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാർത്ത അധികൃതർ പുറത്തുവിട്ടത്. ' ബാറ്റ് ഔട്ട് ഒഫ് ഹെൽ " ( 1977 ) എന്ന എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലിംഗ് ആൽബത്തിലൂടെ ലോകപ്രശസ്തനായ മീറ്റ് ലോഫ് ' ഐ വിൽ ഡു എനിതിംഗ് ഫോർ ലവ് ", ' പാരഡൈസ് ബൈ ദ ഡാഷ്ബോർഡ് ലൈറ്റ് " ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ പുറത്തിറക്കി.

ഫൈറ്റ് ക്ലബ്, ഫോക്കസ്, ദ റോക്കി ഹോറർ പിക്ചർ ഷോ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മീറ്റ് ലോഫ് അഭിനയിച്ചിട്ടുണ്ട്. ഏതാനും ടെലിവിഷൻ പരിപാടികളുടെയും ഭാഗമായിട്ടുണ്ട് അദ്ദേഹം. 1993ൽ ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു. ഡെബോറയാണ് ഭാര്യ. പേൾ, അമാന്റ എന്നിവരാണ് മക്കൾ. 1947 സെപ്റ്റംബർ 27ന് ഡാല്ലസിൽ ജനിച്ച മീറ്റ് ലോഫിന്റെ യഥാർത്ഥ പേര് മാർവിൻ ലീ അഡെയ് എന്നാണ്.

Advertisement
Advertisement