ചിറക്കടവിൽ വേലകളി ഇന്ന് മുതൽ

Sunday 23 January 2022 12:12 AM IST

പൊൻകുന്നം : ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് മുതൽ വേലകളി അരങ്ങേറും. ഏഴാം ഉത്സവദിനമായ ഇന്ന് വൈകിട്ട് തെക്കുംഭാഗം വേലകളി സംഘമാണ് വേലകളി നടത്തുന്നത്. എട്ടാം ഉത്സവത്തിന് വടക്കുംഭാഗം വേലകളി സംഘത്തിലെ ബാലന്മാരാണ്. പള്ളിവേട്ടനാളും ആറാട്ടുത്സവത്തിനും രണ്ടുസംഘങ്ങളുടെയും കൂടിവേലയാണ്. പന്തളരാജകുമാരനായ മണികണ്ഠൻ ചിറക്കടവിലെ കളരിയിൽ ആയോധനമുറകൾ അഭ്യസിച്ചുവെന്ന ഐതിഹ്യവും ചെങ്ങന്നൂർ വഞ്ഞിപ്പുഴ രാജാക്കന്മാരുടെ കാലത്തെ പ്രാദേശിക സൈന്യം പിന്നീട് വേലകളിസംഘമായി മാറിയെന്നതാണ് ചരിത്രം. അയ്യപ്പസ്വാമി കുട്ടികൾക്കൊപ്പം വേലകളിയാടുന്നുണ്ടെന്ന വിശ്വാസവും ഭക്തർക്കുണ്ട്. വെളുത്ത തറ്റുടുത്ത് ചുവന്ന അരപ്പട്ട ചുറ്റി, ചുവന്ന തലപ്പാവണിഞ്ഞ് പരിചയും ചുരികയുമായി യുദ്ധമുറകളെ അനുസ്മരിപ്പിക്കുന്ന ചുവടുവെയ്പുകളാണ് വേലകളിയുടെ സവിശേഷത.

Advertisement
Advertisement