ജൂനിയർ ദാസനും വിജയനും 'ദുബായ് കടപ്പുറത്ത് ', ശ്രദ്ധ നേടി വിനീത് ശ്രീനിവാസനും പ്രണവും ഒരുമിച്ച ചിത്രം

Saturday 22 January 2022 8:56 PM IST

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്‌തത്. ഗംഭീര അഭിപ്രായം നേടി പ്രദർശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ നായകനും സംവിധായകനും ഒരുമിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈ ബസന്ത് ന​ഗർ എലിയട്ട് ബീച്ചിലെ ‍കാൾ ഷ്മിറ്റ് മെമ്മോറിയലിന് മുന്നിൽ വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും നിൽക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. പകർത്തിയ ചിത്രമാണിത്.

മോഹൻലാൽ-ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ പ്രധാന രം​ഗം ചിത്രീകരിച്ചതും ഇതേ മെമ്മോറിയലിന് മുന്നിലാണ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ ജോലി തേടി ദുബായ് കടപ്പുറമെന്ന് കരുതി കാലുകുത്തുന്നത് ഇവിടെയാണ് .. വർഷങ്ങൾക്കിപ്പുറം ജൂനിയർ ദാസനും വിജയനും ഇതേ കടപ്പുറത്തെത്തിയിരിക്കുകയാണെന്നാണ് ആരാധകരും സഹപ്രവർത്തകരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രത്തോടൊപ്പം വിനീത് കുറിച്ചത്. ‘ഹൃദയം’ സിനിമയുടെ ഷൂട്ടിനിടെ എടുത്ത ചിത്രമാണിത്. പ്രണവും ചിത്രം പങ്കുവച്ചിട്ടുണ്ട്.