ഓൺലൈൻ ക്ളാസുകൾ കാര്യക്ഷമം: മന്ത്രി

Sunday 23 January 2022 12:12 AM IST

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജി-സ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ മുഴുവൻ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകർക്കും പരിശീലനവും ലോഗിൻ ഐ.ഡിയും നൽകി. എട്ടു മുതൽ പത്ത് വരെയും പ്ലസ് ടുവിലും കുട്ടികൾക്ക് ലോഗിൻ ഐ.ഡി നൽകി ക്ലാസുകൾ നടക്കുന്നുണ്ട്. പ്ലസ് വൺകാർക്കുള്ള ലോഗിൻ ഐ.ഡി ഈ മാസം നൽകും.

വിദ്യാകിരണം പദ്ധതിയുടെ ആദ്യഘട്ടമായി 10, 12 ക്ളാസുകളിൽ ഉൾപ്പെടെ മുഴുവൻ എസ്.ടി കുട്ടികൾക്കുമായി 45,313 ലാപ്‌ടോപ്പുകൾ നൽകി. സ്‌കൂളുകളിൽ നേരത്തെ ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകളും ആവശ്യമുള്ള കുട്ടികൾക്ക് പൊതുവായി ഉപയോഗിക്കാം.

നവംബർ ഒന്നു മുതൽ സ്‌കൂൾ ക്ലാസുകൾക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളും നടന്നിരുന്നു. കഴിഞ്ഞ 21 മുതൽ ഈ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിച്ചു. സ്‌കൂൾ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ക്ലാസുകളിൽ പിന്തുണ നൽകുന്നതിലും ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിലും പ്രാദേശികമായ സമയക്രമം അദ്ധ്യാപകർ പുലർത്തുന്നതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.