രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; പ്രതിദിന കേസുകൾ വീണ്ടും മൂന്ന് ലക്ഷത്തിന് മുകളിൽ

Sunday 23 January 2022 8:21 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കേസുകൾ വീണ്ടും മൂന്ന് ലക്ഷം പിന്നിട്ടു. 3.37 ലക്ഷം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ഉയരുകയാണ്. പതിനായിരത്തിലധികം ഒമിക്രോൺ ബാധിതരാണ് രാജ്യത്തുള്ളത്.

മഹാരാഷ്ട്ര, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ നാൽപതിനായിരത്തിലധികം കൊവിഡ് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ,പലവ്യഞ്ജന കടകൾക്ക് രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെ മാത്രമാണ് പ്രവർത്തനാനുമതി. കള്ള് ഷാപ്പ് തുറക്കാം, ബിവറേജസിന്റേതടക്കം മറ്റു മദ്യശാലകൾ തുറക്കില്ല. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. പരീക്ഷകൾക്ക് പോകുന്നവർ അഡ്മിറ്റ് കാർഡ് കരുതണം.

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ സ്‌കൂളുകൾ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി. തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അതേസമയം ഡൽഹിയിൽ പ്രതിദിന കേസുകൾ 11,000 ആയി കുറഞ്ഞിട്ടുണ്ട്.