ശബ്ദരേഖയിൽ ദിലീപ് പറയുന്ന ആ സ്ത്രീ ആര്, എന്തൊക്കെയാണ് അന്ന് വീട്ടിൽ നടന്നത്; പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിലെത്തുമ്പോൾ നേരിടേണ്ടിവരുന്ന ചോദ്യങ്ങൾ

Sunday 23 January 2022 9:41 AM IST

കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദീലിപ് അടക്കമുള്ള അഞ്ച് പ്രതികളെയും ചോദ്യം ചെയ്യൽ തുടരുകയാണ്. അഞ്ച് മുറികളിലായാണ് ചോദ്യം ചെയ്യൽ. എല്ലാം ക്യാമറയിൽ പകർത്തുന്നുമുണ്ട്.

അന്വേഷണോദ്യോഗസ്ഥരെ വധിക്കുമെന്ന് ആലുവയിലെ വീട്ടിൽ വച്ച് പറഞ്ഞു എന്നതടക്കമുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും, ഒന്നാം പ്രതി പൾസർ സുനിയുടെ കത്തിലെ തുറന്നുപറച്ചിലുകളുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളായി മാറും.

ദിലീപിന്റെ പേര് പറഞ്ഞതോടെയാണ് പ്രശ്നമായതെന്ന് സുനി പറഞ്ഞെന്ന മാതാവ് ശോഭനയുടെ മൊഴിയും, ശബ്ദരേഖയിലെ 'ഒരു സ്ത്രീയാണ് ഇത് അനുഭവിക്കേണ്ടതെ'ന്ന ദിലീപിന്റെ പറഞ്ഞതിനെക്കുറിച്ചുമൊക്കെ ക്രൈംബ്രാഞ്ച് ചോദിച്ചറിയും.

സഹോദരൻ അനൂപ്

പൾസർ സുനിയെ തനിക്ക് പരിചയപ്പെടുത്തിയത് അനൂപാണെന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതടക്കമുള്ള കാര്യങ്ങൾ തന്റെ സാന്നിദ്ധ്യത്തിൽ ദിലീപിനോട് അനൂപ് സംസാരിച്ചതിന് ബാലചന്ദ്രകുമാർ തെളിവു കൈമാറിയിട്ടുണ്ട്. ഇതിന് മറുപടി നൽകേണ്ടി വരും.

• സഹോദരീ ഭർത്താവ് ടി. എൻ. സുരാജ്

അന്വേഷണോദ്യോഗസ്ഥനെ ലോറിയോ ടിപ്പറോ ഇടിച്ച് അപായപ്പെടുത്തിയാൽ ഒന്നരക്കോടി മുടക്കേണ്ടിവരുമെന്നാണ് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയിൽ സുരാജ് പറയുന്നത്. ഇതിലേക്ക് നയിച്ച കാര്യവും അന്ന് വീട്ടിൽ നടന്ന സംഭവങ്ങളും വിവരിക്കേണ്ടി വരും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിൽ വ്യക്തത വരുത്തും.

•മാനേജർ അപ്പു

കേസിലെ കൂറുമാറിയ സാക്ഷികളിൽ ഒരാളാണ് അപ്പു എന്ന അപ്പുണ്ണി. വധഗൂഢാലോചന നടക്കുമ്പോൾ ഇയാളും ആലുവയിലെ വീട്ടിൽ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ ഒളിവിൽ പോയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വരും.

• സുഹൃത്ത് ബൈജു ചെങ്ങമനാട്

ബൈജുവിനോട് 'മറ്റൊരു സ്ത്രീയാണ് ഇത് അനുഭവിക്കേണ്ടതെന്നും രക്ഷപ്പെടുത്തി കൊണ്ടുവരികയായിരുന്നെന്നു'മടക്കം ദിലീപ് പറയുന്നത് കേട്ടെന്നും ഇത് ടാബിൽ റെക്കാർഡ് ചെയ്തിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്. ഇതിന്റെ നിജസ്ഥിതി തേടും. ശബ്ദരേഖ കേൾപ്പിച്ചാകും ചോദ്യങ്ങൾ.