ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി, പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ദിലീപ്

Sunday 23 January 2022 11:15 AM IST

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്ന് നടൻ ദിലീപ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം. ബാലചന്ദ്രകുമാർ പലപ്പോഴായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാർ തെറ്റിദ്ധരിപ്പിച്ചു. പണം കൊടുക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നാണ് ദിലീപിന്റെ സത്യവാങ്മൂലം.

സിനിമ ചെയ്യണമെന്ന് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചു, ഇതോടെ ശത്രുത കൂടി. ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായും ദിലീപ് ആരോപിക്കുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യൽ തുടരുന്നു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപിനെയും സഹോദരൻ ഉൾപ്പടെയുള്ള പ്രതികളെയും ചോദ്യം ചെയ്യുന്നത്.ഒൻപത് മണിയോടെയാണ് നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യും.