തോൽവിയിൽ കുറഞ്ഞതൊന്നും ഈ 74കാരന് വേണ്ട,​ 94-ാം തവണയും മത്സരിക്കാനിറങ്ങി ഹസനുറാം

Sunday 23 January 2022 11:24 AM IST

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആഗ്രയിലെ ഖേരാഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നവരിൽ ഹസനുറാം അംബേദ്കരി എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും ഉൾപ്പെടുന്നു. എന്നാൽ മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് 74 കാരനായ ഈ കർഷക തൊഴിലാളി. മുൻപ് 93 തവണയാണ് വിവിധ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനായി ഇയാൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

'കർഷക തൊഴിലാളിയായ ഞാൻ 93 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. തോൽക്കാനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിജയിക്കുന്ന രാഷ്ട്രീയക്കാർ ജനങ്ങളെ മറക്കുന്നു, 100 തവണ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ റെക്കോഡ് എനിക്കിടണം.തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എന്റെ എതിരാളികൾ ആരാണെന്നത് എനിക്ക് പ്രശ്‌നമല്ല. എന്റെ അജണ്ട അഴിമതി രഹിതമായ വികസനമാണ്' ഹസനുറാം അംബേദ്കരി വ്യക്തമാക്കി.

1985 മുതൽ ലോക്‌സഭ, സംസ്ഥാന നിയമസഭാ, പഞ്ചായത്ത് എന്നിവയുൾപ്പെടെ വിവിധ തിരഞ്ഞെടുപ്പുകളിൽ അംബേദ്കരി പരാജയപ്പെട്ടു. 1988-ൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ നാമനിർദ്ദേശം നിരസിക്കപ്പെട്ടിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആഗ്ര, ഫത്തേപൂർ സിക്രി സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും അദ്ദേഹത്തിന് കെട്ടിവച്ച തുക തിരികെ ലഭിച്ചില്ല. 2021ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫിറോസാബാദ് സീറ്റിൽ നിന്നാണ് അംബേദ്കരി ഏറ്റവും കൂടുതൽ വോട്ടുകൾ (36,000) നേടിയത്.

Advertisement
Advertisement