ഗോവ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികൾ  കൂറുമാറാതിരിക്കാന്‍ ആരാധനാലയങ്ങളിൽ പ്രതിജ്ഞയെടുപ്പിച്ച് കോൺഗ്രസ്

Sunday 23 January 2022 12:28 PM IST

പനാജി: ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളെ ആരാധനാലയങ്ങളിൽ എത്തിച്ച് കൂറുമാറില്ലന്ന് പ്രതിജ്ഞയെടുപ്പിച്ച് കോൺഗ്രസ്. എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും സംസ്ഥാനത്തെ ജനങ്ങളോടും പാർട്ടിയോടും കൂറ് പുലർത്തണമെന്നാണ് സത്യ പ്രതിജ്ഞ എടുപ്പിച്ചിരിക്കുന്നത്.

മഹാലക്ഷ്മി ക്ഷേത്രം, ബാംബോലിം ക്രോസ്, ഹംസ ഷാ ദർഗ എന്നീ ആരാധനാലയങ്ങളിലാണ് സത്യപ്രതിജ്ഞ നടന്നത്. 2017-ലെ ഗോവ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച 17 എംഎൽഎമാരിൽ 15 പേരും മറ്റ് പാർട്ടികളിലേക്ക് കൂറുമാറിയിരുന്നു. ഗോവയിലെ 40 എംഎൽഎമാരിൽ 26 പേരും മുൻ തിരഞ്ഞെടുപ്പിൽ ആരുടെ സ്ഥാനാർത്ഥിയായി ആണോ മത്സരിച്ചത് ഇപ്പോൾ ആ പാർട്ടിയുടെ ഭാഗമല്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം.

കൂറുമാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബിജെപിയാണ്. മറ്റ് പാർട്ടികളിൽ നിന്നുള്ള 17 എംഎൽഎമാർ ബിജെപിയുടെ ഭാഗമായി. ഇതിൽ മൂന്ന് പേര് മാത്രമാണ് കൂറുമാറ്റത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ബാക്കിയുള്ളവർ എംഎൽഎമാരായി തുടരുകയായിരുന്നു.

ഫെബ്രുവരി 14 നാണ് ഗോവയിൽ വോട്ടെടുപ്പ് നടക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് റാലികൾക്കും റോഡ് ഷോകൾക്കും നിയന്ത്രണമുണ്ട്. പോളിംഗ് സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കുകയും ചെയ്തു.

Advertisement
Advertisement