ഞങ്ങളുടെ കൈവശം ആവശ്യത്തിന് തെളിവുണ്ട്, ദിലീപ് നിസഹകരിച്ചാൽ കോടതിയെ അറിയിക്കും; ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കമുള്ളവരെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു. എ ഡി ജി പി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
കേസിൽ സത്യം പുറത്തുകൊണ്ടുവരുമെന്നും, സത്യത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്നും എസ് ശ്രീജിത്ത് വ്യക്തമാക്കി. ദിലീപിന്റെ സഹകരണവും നിസഹകരണവും തെളിവാകും. കോടതി നിർദേശം അനുസരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ദിലീപ് നിസഹകരിച്ചാൽ കോടതിയെ അറിയിക്കുമെന്നും എ ഡി ജി പി പറഞ്ഞു.
'ദിലീപടക്കമുള്ള പ്രതികൾക്കെതിരെ ഞങ്ങളുടെ കൈവശം ആവശ്യത്തിന് തെളിവുണ്ട്. തെളിവുകളെ പറ്റി ഇപ്പോൾ വെളിപ്പെടുത്താനാകില്ല. കേസ് വിജയിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ട്.'- എസ് ശ്രീജിത്ത് പറഞ്ഞു. ആറാം പ്രതിയായ ശരത്താണോ കേസിലെ 'വിഐപിയെന്ന്' ഇപ്പോൾ പറയാനാകില്ലെന്നും, ആവശ്യമെങ്കിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.