നേതാജി അവാർഡ് മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക്

Sunday 23 January 2022 3:01 PM IST

ന്യൂഡൽഹി: നേതാജി റിസർച്ച് ബ്യൂറോയുടെ ഈ വർഷത്തെ നേതാജി അവാർഡ് മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് സമ്മാനിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനമായ ഇന്ന് എൽജിൻ റോഡിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ജപ്പാൻ കോൺസൽ ജനറൽ നകമുറ യുതകയാണ് ഷിൻസോ ആബെയെ പ്രതിനിധീകരിച്ച് ബഹുമതി ഏറ്റുവാങ്ങിയത്.

ഷിൻസോ ആബെ നേതാജിയുടെ വലിയ ആരാധകനാണെന്ന് നേതാജി റിസർച്ച് ബ്യൂറോയുടെ ഡയറക്ടർ സുഗത ബോസ് പറഞ്ഞു. ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡർ സതോഷി സുസുക്കി ന്യൂഡൽഹിയിൽ നിന്ന് പരിപാടിയെ അഭിസംബോധന ചെയ്തു.

അതേസമയം റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ആറ് മണിക്ക് ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും. നേതാജിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിപബ്ളിക് ദിന പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കുന്നത്.