പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം, പ്രിയങ്ക ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മായാവതി

Sunday 23 January 2022 4:41 PM IST

ലക്‌നൗ: പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ബിഎസ്‌പി അദ്ധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശിലെ ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചതിന് പിന്നാലെയാണ് മായാവതിയുടെ മറുപടി.

'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം നിലപാട് മാറ്റേണ്ടിവന്നത് കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ട് പാഴാക്കാരുത്. ജനങ്ങള്‍ കോണ്‍ഗ്രസിനെ അവഗണിക്കണം. ബി എസ് പിക്ക് വോട്ടു ചെയ്യുന്നതാണ് നല്ലതെന്നും'- മായാവതി ട്വീറ്റ് ചെയ്തു.

'ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും' എന്നായിരുന്നു കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി പ്രിയങ്ക പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് പാർട്ടിയുടെ മുഖം താൻ മാത്രമല്ലെന്ന് തിരുത്തി. ഇതിനെയാണ് മായാവതി വിമർശിച്ചത്.