ഗാന്ധി വധത്തെ ന്യായീകരിക്കുന്ന സിനിമ നിരോധിക്കണമെന്ന് കോൺഗ്രസ്

Monday 24 January 2022 1:01 AM IST

മുംബയ്: 30ന് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കുന്ന ‘വൈ ഐ കിൽഡ് ഗാന്ധി’ എന്ന ചിത്രത്തിന് നിരോധനമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പട്ടോലെ പറഞ്ഞു.

സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും രംഗത്തെത്തി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.ഡബ്ലിയു.എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ എൻ.സി.പി നേതാവും ടെലിവിഷൻ താരവുമായ അമോൽ കോൽഹെയാണ് ഗോഡ്സെയുടെ വേഷത്തിലെത്തുന്നത്.