എസ്.പിയുടെ താര പ്രചാരകരിൽ മുലായവും ജയ ബച്ചനും
ന്യൂഡൽഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ സമാജ്‌വാദി പാർട്ടിയുടെ 30 അംഗ താരപ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു. പാർട്ടി അദ്ധ്യക്ഷൻ മുലായം സിംഗ് യാദവ്, മകൻ അഖിലേഷ് യാദവ്, മരുമകൾ ഡിംപിൾ യാദവ്, പ്രശസ്ത നടിയും രാജ്യസഭാ എം.പിയുമായ ജയാ ബച്ചൻ, രാം ഗോപാൽ യാദവ്, സ്വാമി പ്രസാദ് മൗര്യ എന്നിവരടക്കമുള്ള പ്രമുഖർ പട്ടികയിലുണ്ട്. ബി.എസ്.പിയും മുൻ മുഖ്യമന്ത്രി മായാവതി, സഹോദരൻ ആനന്ദ് കുമാർ, ബി.എസ്.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര, മുൻ യു പി മന്ത്രി നകുൽ ദുബെ എന്നിവരടക്കം 30 പേരുടെ പട്ടിക പുറത്തുവിട്ടു.
പ്രചാരണത്തിന്
നവാഗത സംഘവും
ബി.ജെ.പി യു.പിയിലെ പ്രചാരണത്താനായി സമീപകാലത്ത് പാർട്ടിയിൽ ചേർന്ന നിരവധി വനിതകളെ നിയോഗിച്ചു. സോണിയ ഗാന്ധിയുടെ അടുപ്പക്കാരിയും റായ്ബറേലി എം.എൽ.എയുമായ അദിതി സിംഗ്, മുലായം സിംഗിന്റെ മരുമകളും സമാജ് വാദി പാർട്ടി നേതാവുമായിരുന്ന അപർണാ യാദവ്, പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന പ്രിയങ്ക മൗര്യ എന്നിവർ ചേർന്ന സംഘം പ്രചാരണം കൊഴുപ്പിക്കും. സ്ത്രീകളെ കേന്ദ്രീകരിച്ച് ബി.ജെ.പി സർക്കാരുകൾ നടപ്പിലാക്കിയ പദ്ധതികൾ തുടരേണ്ട പ്രാധാന്യം ജനങ്ങളിലെത്തിക്കുമെന്ന് അദിതി സിംഗ് പറഞ്ഞു. ഇതിനായി ഇന്നലെ മുതൽ ഈ സംഘം വീടുവീടാന്തരമുള്ള പ്രചരണത്തിലാണ്.