നേതാജിയുടെ ജന്മവാർഷികത്തിൽ കേന്ദ്രത്തിനെതിരെ മമത
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കവെ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മമത.
വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പക്ഷപാതപരമായ സമീപനം ഉണ്ടെന്ന് മമത ആരോപിച്ചു. എന്തുകൊണ്ടാണ് ബംഗാളിനോട് ഇത്ര അലർജി? നിങ്ങൾ ബംഗാൾ ടാബ്ലോ നിരസിച്ചു. ഞങ്ങൾ നിങ്ങളെ സമ്മർദ്ദത്തിലാക്കിയതിനാലാണ് നിങ്ങൾ നേതാജിയുടെ പ്രതിമ നിർമ്മിക്കുന്നതെന്ന് മമത പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സംസ്ഥാനത്തിന്റെ പങ്കിൽ അഭിമാനമുണ്ട്. ബംഗാൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ഈ വസ്തുതയിൽ താൻ അഭിമാനിക്കുന്നുവെന്നും മമത പറഞ്ഞു.