ഞായർ ലോക്ക്... ലോക്ക് ഡൗണിന് സമാന നിയന്ത്രണങ്ങൾ

Sunday 23 January 2022 11:41 PM IST

ആലപ്പുഴ: ലോക്ക് ഡൗണിന് സമാനമായ നി​യന്ത്രണങ്ങളി​ൽ ജില്ല ഇന്നലെ നിശ്ചലമായി. മി​ക്കവാറും ജനം വീട്ടിലിരുന്ന് നിയന്ത്രണങ്ങളോട് സഹകരിച്ചു. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധനയും പട്രോളിംഗും കടുപ്പിച്ചെങ്കിലും ഇരുചക്രവാഹനങ്ങൾ കുറെയൊക്കെ നിരത്തിലിറങ്ങിയത് പൊലീസിന് തലവേദനയായി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കൊവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവർത്തിച്ചത്. ജില്ലയിൽ നിയന്ത്രണ ലംഘനം കണ്ടെത്താൻ ബാരിക്കേഡ് സ്ഥാപിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തി.

അനാവശ്യമായി പുറത്തിറങ്ങി​യവരെ പിഴചുമത്തിയും കേസെടുത്തും നേരി​ട്ടു. റോഡുകളിൽ സ്വകാര്യവാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. വിവാഹം, മരണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്ക് നിരത്തിലിറങ്ങിയവരുടെ സത്യവാങ്മൂലം പരിശോധിച്ചാണ് യാത്രാനുമതി നൽകിയത്. ഇളവ് നൽകിയ വിഭാഗങ്ങളുടെ തി​രിച്ചറിയൽ കാർഡ് പരിശോധിച്ചാണ് കടത്തിവിട്ടത്. മരുന്ന്, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിങ്ങനെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴുവരെ പ്രവർത്തിച്ചു. ചില ഹോട്ടലുകളും ബേക്കറികളും തുറന്നെങ്കിലും കുടുതലും പാഴ്സുകളാണ് നൽകിയത്.

ഏഴി​ലൊതുങ്ങി​ കെ. എസ്. ആർ. ടി​.സി​

സർവീസുകൾ
കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽനിന്ന് ഏഴ് ബസുകളാണ് സർവീസ് നടത്തിയത്. ഇവയിൽ രണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്കുവേണ്ടിയായിരുന്നു. എറണാകുളം, കായംകുളം, ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേക്കാണ് സർവിസ് നടത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവായിരുന്നു. ഡിപ്പോയിൽനിന്ന് സാധാരണ ദിവസങ്ങളിൽ 54 സർവീസുകളാണ് ഓടുന്നത്.

യാത്രാബോട്ടുകൾ

പകുതി​ മാത്രം

ഒറ്റപ്പെട്ട സർവീസുകൾ ഒഴിച്ചാൽ ഹൗസ്‌ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ എന്നിവയുടെ സർവീസുകൾ പൂർണമായും നിലച്ചു. വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള ഡി.ടി.പി.സിയുടെ സർവീസുകളുമുണ്ടായിരുന്നു. നെടുമുടി, എടത്വ, കൃഷ്ണപുരം, കാവാലം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകൾ സർവീസ് നടത്തി. ലോക്ഡൗൺ ആയതിനാൽ ഉൾനാടൻപ്രദേശങ്ങളിലെ യാത്രാസൗകര്യം കണക്കിലെടുത്ത് 50ശതമാനം മാത്രമേ സർവീസ് നടത്തിയുള്ളൂ. ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

Advertisement
Advertisement