ആശങ്കയായി ഒമിക്രോണിന്റെ ഉപ വകഭേദവും, സ്റ്റെൽത്ത് ഒമിക്രോൺ 40 രാജ്യങ്ങളിൽ

Monday 24 January 2022 12:42 AM IST

ലണ്ടൻ : ഒമിക്രോൺ മൂലം ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശങ്ക വർദ്ധിപ്പിച്ച് ഒമിക്രോണിന്റെ ഉപവകഭേദവും കണ്ടെത്തിയെന്ന് ബ്രിട്ടൻ. ബിഎ.2 എന്ന ഒമിക്രോണിന്റെ ഈ ഉപവകഭേദം സ്റ്റെൽത്ത് ഒമിക്രോണെന്നാണ് നിലവിൽ അറിയപ്പെടുന്നത്. കൊവി‌ഡ് സ്ഥിരീകരിക്കാനായി ലോകവ്യാപകമായി ഉപയോഗിച്ചു വരുന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ പോലും ഈ ഉപവകഭേദം കണ്ടെത്താൻ പ്രയാസകരമാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇതിനോടകം ഏകദേശം നാൽപതോളം രാജ്യങ്ങളിൽ സ്റ്റെൽത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്തെന്നാണ് വിവരം. ഒമിക്രോണിന് പ്രധാനമായും ബിഎ.1, ബിഎ.2, ബിഎ.3 എന്നീ മൂന്ന് ഉപവകഭേദങ്ങളാണുള്ളത്. ഇതിൽ ബിഎ.1 ആണ് ലോകത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഏറ്റവും വേഗത്തിൽ പടരുന്ന ഉപവകഭേദം ബിഎ.2 ആണ്. പുതിയ കണക്കുകൾ പ്രകാരം ഡെൻമാർക്കിൽ നിലവിലുള്ള സജീവ രോഗികളിൽ പകുതിയിലേറെയും സ്റ്റെൽത്ത് ഒമിക്രോൺ കേസുകളാണ്. സ്വീഡൻ, നോർവേ,​ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഈ ഉപവകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബൂസ്റ്റർ ഡോസുകൾ ഫലപ്രദമെന്ന് യു.എസ്,​ ആശുപത്രി കേസുകളിൽ വൻ കുറവ്

ഫൈസർ, മൊഡേണ ബൂസ്റ്റർ ഡോസുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ വളരെ ഫലപ്രദമാണെന്ന് പഠന റിപ്പോർട്ട്. ഈ ബൂസ്റ്റർ ഡോസുകൾ രോഗതീവ്രത കുറയ്ക്കുകയും യു.എസിലെ ആശുപത്രി കേസുകളിൽ ഗണ്യമായ കുറവുണ്ടാക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ബൂസ്റ്റർ ഡോസുകളിലൂടെ ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് 90 ശതമാനം ഫലപ്രദമാണ്. 50 വയസിന് മുകളിലുള്ള അമേരിക്കക്കാർക്കിടയിൽ ഗുരുതരമായ അണുബാധയുണ്ടാകുന്നതും മരണങ്ങളും കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസുകൾ ഫലപ്രദമാണ്. ഒമിക്രോണിനേക്കാൾ കൂടുതൽ ഡെൽറ്റ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസുകൾ കൂടുതൽ പ്രതിരോധം നല്കുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.